മഞ്ഞ് മേഘപാളികളില്‍ നിന്നും താഴേക്കിറങ്ങി
കിഴക്ക് കല്ലുമലയില്‍ കൂട് കൂട്ടി .
അവിടെ അമ്പിളി മാമന്‍ തന്‍റെ പുതു വസ്ത്രങ്ങള്‍ അണിയുകയാണ്
നല്ല ചേലുള്ള വസ്ത്രങ്ങള്‍
"ഇന്നന്തേ ഇത്രയും ഭംഗിയുള്ള വസ്ത്രങ്ങള്‍ അണിയുന്നു"
"ഇന്ന് പതിനാലാം രാവാണ്.
ഒരു ജന്മത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരു ദിവസം
യുവത്വം പൂര്‍ണ്ണമാകുന്ന അപ്പൂര്‍വ നിമിഷങ്ങള്‍
ആ പരിപൂര്‍ണ്ണതയെ ഒരിക്കലും
മറക്കരുതാത്തവേളയാക്കണം
എന്ന് ഞാന്‍ ആഗ്രഹിക്കുന്നു"
"ഇന്ന് താങ്കള്‍ വളരെയധികം സുന്ദരനായിരിക്കുന്നു
ഈ സൗന്ദര്യം എന്നും താങ്കള്‍ക്കുണ്ടാവട്ടെ
എന്ന് ഞാന്‍ ആശംസിക്കുന്നു"
മഞ്ഞിന്റെ ആശംസകള്‍ക്ക് പുഞ്ചിരിയോടെ തിങ്കള്‍ മറുപടി നല്‍കി
"ആശംസകള്‍ക്ക് നന്ദി"
"ഈ ദിവസം ഞാന്‍ ഔന്നത്യ ത്തിന്‍റെ പൊന്‍ പീഠത്തിലാണ്
നാളെ ഈ പീഠം തേടി മറ്റൊരു ബാല ചന്ദ്രന്‍ യാത്ര ആരംഭിക്കും
അടുത്ത പൌര്‍ണ്ണമി അയാളുടെതാവും"
മഞ്ഞ് താഴേക്കു നോക്കി
അവിടെ എങ്ങും ഇരുട്ടാണ്
കണ്ണു കാണാത്ത ഇരുട്ട്
മുകളില്‍
അവിടെ ഒരായിരം നക്ഷത്രങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നു
എണ്ണിയാല്‍ തീരാത്ത അത്രയും നക്ഷത്രങ്ങള്‍
അവള്‍ ചോദിച്ചു
ഇന്നന്താ ഇത്രയും പേര്‍
വ്യാഴനാണവള്‍ക്ക് മറുപടി കൊടുത്തത്
ഇന്ന് ചന്ദ്രന്റെ കിരീടധാരണമല്ലേ
വ്യാഴന്‍ ചിരിച്ചു
എല്ലാം കേട്ട് നിന്ന ശുക്രനും ചിരിച്ചു
ആ ചിരി ഓരോ മുഖങ്ങളില്‍ നിന്നും
അടുത്തതിലേക്കു പടര്‍ന്നു കൊണ്ടിരുന്നു
ഓരോ നക്ഷത്രങ്ങളും ചിരിച്ചു
ഒരായിരം നക്ഷത്രങ്ങള്‍ ചിരിച്ചു
അനേകായിരം നക്ഷത്രങ്ങള്‍ ഒന്നിച്ചു പുഞ്ചിരിച്ചു
ആ സന്തോഷത്തിലേക്ക് മഞ്ഞിന്റെ
കൈ പിടിച്ചു കൊണ്ടു ചന്ദ്രന്‍ കയറി വന്നു
നിലാവാകുന്ന ആ കയ്യില്‍ ഒരു കൊച്ചു കുട്ടിയുടെ
കൌതുകത്തോടെ പിടിച്ചു കൊണ്ടു മഞ്ഞ്
അന്തരീക്ഷത്തില്‍ വ്യാപിച്ചു കൊണ്ടിരുന്നു
വെഞ്ചാമാരങ്ങള്‍ വീശുകയാവാം
അല്ലെങ്കില്‍ കൈകള്‍ കൊട്ടി സ്വീകരിക്കയാവാം
താരകങ്ങള്‍ മിന്നിയും കണ്ണുകള്‍ ചിമ്മിയും
മംഗളഗാനങ്ങള്‍ പാടി കൊണ്ടിരുന്നു
പാറി മറയുന്ന മിന്നായങ്ങളാലുള്ള പൂവര്‍ഷങ്ങള്‍.
എങ്ങും ആഘോഷമാണ്
മഞ്ഞ് നിലാവിനൊപ്പം
ഭൂമിയില്‍ പടര്‍ന്നു കൊണ്ടിരുന്നു
കപ്പു മാവില്‍ ആവിലുകള്‍ കലപില കൂട്ടുകയാണ്
മാവില്‍ നിറയെ മധുരം നിറച്ചുവേച്ച
മാങ്ങ പഴുത്തു നില്‍ക്കുമ്പോള്‍
അവരെങ്ങനെ ആഹ്ലാദിക്കാതിരിക്കും
അപ്പുറത്ത് മുല്ല വള്ളിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന
തൈമാവു ഇത് വരെ പൂത്തിട്ടില്ല
അതില്‍ നിറയെ ഇളം തളിരുകളാണ്
ഇന്നത്തെ രാത്രിക്കെന്തു ഭംഗ്യാ
മേലേ കൊമ്പത്തിരുന്ന പൂങ്കുയിലിന്
സന്തോഷം മറച്ചു വെക്കാനായില്ല
ഇളം തളിരുകളില്‍ മഞ്ഞ് കുഞ്ഞു തുള്ളികളായി
പതുക്കെ പടര്‍ന്നു കൊണ്ടിരുന്നു
ഓരോ ചെറു സ്പര്‍ശനങ്ങളിലൂടെ ഓരോ തുള്ളികളെയും
നിലാവ് ഓരോ രത്നങ്ങളാക്കി മാറ്റി
ഓരോ രത്നങ്ങളും തിളങ്ങി കൊണ്ടിരുന്നു
ഓരോ ഇലകളിലും അനേകം രത്നങ്ങള്‍ തിളങ്ങി കൊണ്ടിരുന്നു
ഓരോ കൊമ്പുകളിലും ആയിരക്കണക്കിനു രത്നങ്ങള്‍
ഓരോ മരങ്ങളിലും അനേകായിരം രത്നങ്ങള്‍
മണ്ണും വിണ്ണും തിളങ്ങി നില്‍ക്കുമ്പോള്‍
കുയിലിനു പാടാതിരിക്കാന്‍ കഴിഞ്ഞില്ല
ഇനിയും വിരിയാത്തതെന്തെന്റെ മുല്ലേ
ഈ ഭുവനമൊരു സ്വര്‍ഗ്ഗമായി മാറിയിട്ടും
......................................................
......................................
തേന്‍ വരിക്കയുടെ മധുരവും ആസ്വദിച്ചിരിക്കുകയായിരുന്ന
പുള്ളിക്കുയില്‍ അതേറ്റു പാടി
മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക്
തെക്ക് നിന്നെത്തിയ കുഞ്ഞു കാറ്റിനൊപ്പം
ആ പാട്ടും അങ്ങനെ പടര്‍ന്നു കൊണ്ടിരുന്നു
പാട്ടിന്റെ ഈണങ്ങള്‍ക്കൊപ്പം മലര്‍വാടികള്‍
കുഞ്ഞിക്കാറ്റുമൊത്ത് നൃത്തം ചെയ്തു
ആ മലര്‍ വാടികളില്‍ നിശാ ശലഭങ്ങള്‍
ഒരുക്കിയ നടന വിസ്മയങ്ങളില്‍
അമ്പിളി മാമന് സന്തോഷമായി
വ്യാഴനും സന്തോഷമായി
നക്ഷത്രങ്ങള്‍ക്കെല്ലാം സന്തോഷമായി
ഒരു ചെറു വണ്ടാണ് ആ പാട്ട്
മുല്ലപ്പൂവിന്‍റെ കാതില്‍ മൂളിയത്
മുല്ലമൊട്ടൊന്നു മെല്ലെ കണ്‍തുറന്നു നോക്കി
"അമ്പാ താനിപ്പോ എവിട്യാ'
"എന്തൊരു സൗന്ദര്യാ ഈ രാത്രിക്ക് "
ഇത്ര നേരവും വിടരാതിരിന്നുതില്‍ അവള്‍ക്കു സങ്കടമായി
അവള്‍ പുഞ്ചിരിയോടെ ലോകത്തെ നോക്കിക്കൊണ്ടിരിക്കെ
വണ്ട് പാറി കൊണ്ടിരുന്നു
ആ പാട്ട് കേട്ട്
ഓരോ മൊട്ടുകളും ഉണര്‍ന്നു
ഓരോ പൂവുകളും പുഞ്ചിരിച്ചു
പുഞ്ചിരിക്കുന്ന അനേകം പൂവുകള്‍
അനേകം വര്‍ണ്ണങ്ങള്‍
ഒരായിരം ഗന്ദങ്ങള്‍ സുഗന്ദങ്ങള്‍
കതിരുകള്‍ മൂപ്പെത്തി വിളഞ്ഞ
മുണ്ടകന്‍ പാടത്തിനു ചാരി
തോട്ടരികിലുള്ള കൈതക്കൂട്ടത്തിലെ
വിരിഞ്ഞ പ്പൂവിനെ മെത്തയാക്കി
ഒന്ന് മയങ്ങുകയായിരുന്ന ചീവീട്
ഓരോലയുടെ തുമ്പത്തു കേറി നോക്കി
"ഹോ എന്തൊരു ചന്തമാണീ രാത്രിക്ക്
മഞ്ഞിന്‍ കണങ്ങളും നിലാവും
വിളഞ്ഞ കതിരുകളും കൂടി വയലൊരു
തങ്കപ്പട്ടാക്കി മാറ്റിയിരിക്കുന്നു
തോട്ടിലേക്ക് വന്നു ചാടുന്ന
തെളിനീരോഴുകുന്ന അരുവിയുടെ
കുഞ്ഞോളങ്ങള്‍ നിലാപ്രഭയില്‍
രത്നങ്ങളായി പതിക്കുന്നു
ഒരു പാട് രത്നങ്ങള്‍ ഒരായിരം വൈരങ്ങള്‍"
വയസ്സനായ പേരാലിന്റെ ചുവട്ടില്‍
പക്ഷെ നിലാവ് വന്നില്ല
ആഗ്രഹമില്ലാഞ്ഞിട്ടല്ല ആല്‍ നിറയെ
ഇലകളുമായി പരന്നു കിടക്കുകയാണ്
അല്ലേലും അതങ്ങനെയാണല്ലോ
എല്ലാവരെയും തോല്‍പ്പിച്ചു എന്ന് നാം കരുതുമ്പോഴും
നിസ്സാരനായ ഒരാള്‍ക്ക് നമ്മെ തോല്‍പ്പിക്കാനാവും
ഒറ്റക്കവിടെ ചെല്ലുമ്പോള്‍ മഞ്ഞിന് ഒരു രസവും തോന്നിയില്ല
ആരുടേയും മുഖം മ്ലാനമാവുന്നത് അപ്പൂപ്പന് ആലിനു ഇഷ്ടമല്ല
അദ്ദേഹം മിന്നാമിന്നികളെ വിളിച്ചുണര്‍ത്തി
ഭൂമിയിലെ ഇരുട്ടുകള്‍ മായിക്കൂ
ഓരോ മിന്നാമിന്നികളും മിന്നി കൊണ്ടിരുന്നു
അനേകം മിന്നാമിന്നികള്‍
ഒരായിരം മിന്നാമിന്നികള്‍ മിന്നി കൊണ്ടിരുന്നു
***********************************************
തുടരും ...............

"ആരുടേയും മുഖം മ്ലാനമാവുന്നത് അപ്പൂപ്പന് ആലിനു ഇഷ്ടമല്ല
മറുപടിഇല്ലാതാക്കൂഅദ്ദേഹം മിന്നാമിന്നികളെ വിളിച്ചുണര്‍ത്തി
ഭൂമിയിലെ ഇരുട്ടുകള്‍ മായിക്കൂ
ഓരോ മിന്നാമിന്നികളും മിന്നി കൊണ്ടിരുന്നു
അനേകം മിന്നാമിന്നികള്‍
ഒരായിരം മിന്നാമിന്നികള്‍ മിന്നി കൊണ്ടിരുന്നു"
നല്ല വരികൾ ഇനിയും എഴുതുക ആശംസകൾ