11.21.2013

നീറുന്ന മനസ്സുകള്‍

നീറുന്ന മനസ്സുകള്‍ 


ഭാഗം 1 യാത്ര 


മാമല നാട്ടിന്‍റെ മടിയില്‍ നിന്നും
കൊമാളാംഗിയായൊരു പെണ്ണൊരുത്തി
കാരക്ക കായിക്കുന്ന നാട്ടിലെത്തി
കൊല്ലങ്ങള്‍ അനവധി വസിച്ചിരുന്നു

കയ്പേറും ജീവിത യാത്ര നീളെ
കര കാണാതവള്‍ വലഞ്ഞിരുന്നു
കാരുണ്യ കിരണങ്ങള്‍ തന്‍റെ നേരെ
വരും നാളിന്നായവള്‍ കാത്തിരുന്നു

ബാല്യത്തിന്‍ ശീലുകള്‍ മെല്ലെ മെല്ലെ
മല്ലികപ്പൂവായി വിരിഞ്ഞിടുമ്പോള്‍
തല്ലിക്കൊഴിച്ചു രസിച്ചിടാനായി
താതനെ കൊണ്ട് പോയി മരണദേവന്‍ 

കൗമാര സ്വപ്‌നങ്ങള്‍ പൂത്തിടുമ്പോള്‍
അമ്മയും പരലോകം പുല്‍കിടുന്നു
പറക്കാമുറ്റാത്തിരു സോദരര്‍ക്കായി
പഠനത്തോടവള്‍ വിട പറഞ്ഞു

ഞാറിന്‍റെ ഇല്ലികള്‍ ചികഞ്ഞെടുത്താ
വയറിന്‍ വിശപ്പവള്‍ തീര്‍ത്തിരുന്നു
പെരുകും ചിലവുകള്‍ താങ്ങിടാതെ
ഉരുകും മനസ്സുമായി അവളിരിന്നു

പടിഞ്ഞാറന്‍ കടലിന്‍റെ അക്കരേക്കു
പണം കായ്ക്കുമറേബ്യന്‍നാട്ടിലേക്ക് വീട്ടു-
വേലക്കായി പറന്നുപോകേ അനിയത്തിമാരെ  
പിരിഞ്ഞിടുമ്പോള്‍ അവളുടെയുള്ളം പിടഞ്ഞിരുന്നു

വികടനാം വീട്ടുകാരന്‍ തന്‍ തരികിടയില്‍  
തകിടം മറിഞ്ഞുപോയി  കിനാക്കളെല്ലാം
തല ചായ്ക്കാനിടം തേടി അലഞ്ഞു പാവം
ബാലിക്കാരനൊരുത്തനെ വേളി ചെയ്തു

അല്ലല്‍ അകന്നോരാ ജീവിതത്തില്‍ അരുമ-
ക്കിടാവൊന്നു പിറന്നശേഷം സല്ലാപമേ-
കുവാന്‍ ഭൂമുഖത്തില്‍ അവനല്ലതൊന്നുമില്ലാ  
യിരുന്നു അവനാ വീടിന്‍റെ സംഗീതമായിരുന്നു

വിധി തന്‍ കല്പന വന്നു വീണ്ടും
ആധി കേറ്റുന്നൊരു വിളമ്പരമായി
അനധികൃതരേ പുറത്താക്കിടാനായി
നിഥാഖാത്തെന്നൊരു നിയമം വരുന്നൂ  

കണവന്‍റെ ജോലി മതിയാക്കിടാനായി
കമ്പനി എക്സിറ്റ് അടിച്ചു നല്‍കി
കൂടെ മകനും അനുമതിയായി ആ
അമ്മയോ ഹുറൂബിന്‍ കെണിയിലുമായി

നാളത്തെ പുലരിയില്‍ പറന്നിടുന്ന പൊന്നു
പൈതലൊന്നറിയുവാനായി ഇന്നോളമുള്ള
യാതനകള്‍ ചൊല്ലിപ്പറഞ്ഞവള്‍ അവിടിരുന്നു  
മടിയിലപ്പോഴുമാ  കുഞ്ഞ് പൈതല്‍  
കഥയറിയാതെ ചിരിച്ചിടുന്നു  

അവസാന താരാട്ടിന്‍ ഇശല് കേള്‍ക്കാന്‍
അവശനായി കണവനും അവിടിരുന്നു
പരസ്പരം നോക്കിയാ കണ്ണിണകള്‍
പരിസരം പോലും മറന്നിരുന്നു 

തുടരും 

---------------------------------------------------------------------------------------------------------------------------------
നിഥാഖാത്ത്- സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി  സൗദി അറബിയില്‍ നടപ്പിലാക്കിയ നിയമം 
എക്സിറ്റ്- ഫൈനല്‍ എക്സിറ്റ് അഥവാ വിസ കാലാവധി അവസാനിച്ചതായി(രാജ്യം വിടാനുള്ള) ഉള്ള               അറിയിപ്പ് 



ഹുറൂബ്-ജോലിക്കാരാന്‍ ചാടിപ്പോയതായി കാണിക്കുന്ന ഖഫീലിന്റെ രേഖ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ