2.09.2014

എന്‍റെ ഗ്രാമത്തിലൂടെ

 വടിയും കുത്തിപ്പിടിചെന്നമ്മൂമ്മ

പീടിയില്‍ പോയി വരുന്ന കണ്ടോ
കയ്യിലെ മധുരപ്പൊതിയഴിച്ചിട്ടെ ഡാചെക്കാ
കൊതിയൂറല്ലേ ന്നു ചൊല്ലാറുണ്ടോ

പൂവാക പൂക്കുന്ന കാലത്തെന്‍ മുറ്റത്ത്  
പൂമെത്തയിപ്പൊഴും നിവരാറുണ്ടോ  
ആമ്പലറുക്കുവാന്‍ തുമ്പക്കുളത്തില്
ചാടും കിടാങ്ങളിന്നും എത്താറുണ്ടോ

പൊന്നാര്യന്‍ കൊയ്യുമ്പോള്‍ പുളയും
വരാലിനെ പിടികൂടുമുത്സവമിന്നുമുണ്ടോ
പാടത്തു ഞാറിന്‍റെ ഏറു നടക്കുമ്പോ  
പാടും ചെറുമികള്‍ ഇന്നുമുണ്ടോ

വാലിന്‍റെയറ്റത്ത് മുറുകെ പിടിക്കുമ്പോ
വാണം പോല്‍ പായുന്ന കാളകളെ
വര്‍ദ്ധിത വീര്യമോടോട്ടി തെളിക്കുന്ന
കാള പൂട്ടിന്നീണങ്ങള്‍  ഇന്നുമുണ്ടോ  

ഓണത്തിന്‍ നാളുകള്‍ ഓടിയെത്തുമ്പോള്‍
ഈണത്തില്‍ മൂളുന്ന പാട്ടുമായി കുഞ്ഞുങ്ങള്‍
പാറും പൂമ്പാറ്റ പോലോടിയെത്തി   
ചേലൊത്ത പൂവുകള്‍ നുള്ളാറുണ്ടോ

ഇരുളിന്‍ പുതപ്പഴിച്ചൂഴിയുണരുമ്പോള്‍
കരളിന്നു കുളിരേകും ബാങ്കൊലിയും
സുപ്രഭാതത്തിന്‍റെ കീര്‍ത്തനം പാടുന്ന
സുന്ദരഗാനവും ഇന്നുമുണ്ടോ

ഒന്നെരിക്കല്‍ കൂടിയെന്‍ ഗ്രാമത്തില്‍
ഓടിക്കളിക്കുവാന്‍ ഒന്നു മോഹം  
അടരുമീ രാവിന്‍റെ ഒടുവിലായെങ്കിലും
വിടരുമോ പൊയ്‌പ്പോയ പൊന്‍പുലരി  



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ