മേഘമാലയായി
ഭൂമിക്ക് മീതെയായി പാറി
സ്നേഹരാഗമായി
മാമലക്കു ചുംബനം നല്‍കി
ദാഹിക്കുമൂഴിയെ
മഴയായി പുല്‍കി
വര്‍ഷമായി പെയ്യുന്ന
വിണ്ണിന്‍റെ സ്നേഹം
ഹര്‍ഷപുളകിതയാക്കുന്നു
മണ്ണിന്‍റെ ദേഹം
ഊഷരഭൂമി തന്‍ ഉദരങ്ങള്‍
തേടി
ഊര്‍ന്നൂര്‍ന്നിറങ്ങുന്നു
ഉണര്‍വിന്‍റെ പാനീ
ഉറങ്ങുന്ന
വിത്തില്‍ മോഹം വിടര്‍ത്തി
പുണരുവാന്‍ തണ്ണീരു മത്സരിച്ചെത്തി
നിര്‍വൃതിയില്‍ ലയിച്ചൊരാന്തരങ്ങളില്‍
നിമിഷങ്ങളാല്‍
ഉദയം ചെയ്യുന്നു ജീവന്‍
അണ്ഡങ്ങളില്‍നിന്നുള്ള
കൊച്ചുകാണ്ഡങ്ങളായി
മുകുളങ്ങള്‍ വിടരുന്നു
പ്രതലങ്ങളിലെങ്ങും
പുലരി മഞ്ഞിന്‍
നേര്‍ത്ത പാടകള്‍ നീക്കി
പുലരുകായിണിവിടെ
പുതിയൊരു ജന്മം
പുതുനാമ്പുകളായി കൊച്ചു
ശിഖരങ്ങളായി
പാരിന്നു ചാരുതയേകും
ചെടികളായി മരങ്ങളായി
പ്രേമപ്രതീകമായി
ചുറ്റുന്ന വള്ളികള്‍
ദാഹാര്‍ദ്രയായി
പടരുന്നു ചില്ലയില്‍
ഋതുമതിയായെന്നറിയിച്ചു
നിറഞ്ഞൂ മൊട്ടുകള്‍
ഹൃത്തിലെ
മോഹങ്ങളായി വിടര്‍ന്നൂ പൂവുകള്‍
പൊഴിഞ്ഞു പോയെത്രെയോ
മെനഞ്ഞ കനവുകള്‍
പൂവായി പുഴുവേറ്റ
കായായ് അലിഞ്ഞു മണ്ണില്‍
വിളയുന്നു സ്വപ്നസാഫല്ല്യമായി
ചില്ലയില്‍
വിത്തു നിറച്ച
ഫലങ്ങളായി പഴങ്ങളായി
മൂത്തങ്ങു
വീഴുന്നു മണ്ണിന്‍റെ മടിയില്‍
കാത്തു നില്‍ക്കുന്നു
പുതു മഴ തുള്ളികള്‍
കാലങ്ങളായി തുടരുന്നതാണീ
പ്രവാഹം
കാരുണ്യവാനാം
റബ്ബിന്‍ കരുണാപ്രവാഹം
പരസ്പരസ്നേഹത്തിന്‍
മുത്തുകള്‍ കോര്‍ത്തതു
പരശതം കാണാം
നിനക്കീ പ്രപഞ്ചത്തിലെങ്ങും 
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ