1.31.2014

ഇന്നത്തെ കേരള - കാരുണ്യം ഒരു ലോട്ടറി


ഇന്നത്തെ കേരള - കാരുണ്യം ഒരു ലോട്ടറി


എന്‍ഡോസള്‍ഫാന്‍ സമരെക്കാരെ കൊണ്ട് ഉമ്മന്‍ ചാണ്ടിക്ക് പ്രശ്നങ്ങള്‍ ചില്ലറയല്ല.കാരണം അതൊരു അതിജീവനത്തിന്‍റെ സമരമാണ്. രാവിലെ എണീറ്റ്‌ കണി കാണുന്നത് തന്നെ അവരെ.ദാരുണമായ ആ കാഴ്ച അധികകാലം സഹിക്കാന്‍ ആര്‍ക്കും സാധിക്കില്ല. സ്വന്തം ഭാവി സ്വപ്‌നങ്ങള്‍ മക്കളിലൂടെ കനവുകണ്ട മാതാപിതാക്കളെ സംബന്ധിച്ച് മക്കളെ ആരോഗ്യത്തോടു കൂടി എന്നും  കണി കാണണേ എന്ന മോഹം മാത്രമേ ബാക്കിയുള്ളൂ. അതിന്നുവേണ്ടി എന്ത് ത്യാഗവും അവര്‍ ചെയ്യാന്‍ സന്നദ്ധരാവും. അതു കൊണ്ട് തന്നെ എങ്ങേനെയും ആ സമരം തീര്‍ക്കേണ്ടത് മുഖ്യമന്ത്രിയുടെ ബാധ്യതയായിതീര്‍ന്നു.  കശുവണ്ടിയുടെ പേരില്‍ അവര്‍ക്ക് ദുരിതം മാത്രമാണല്ലോ സര്‍ക്കാര്‍ നല്‍കിയത്.  കശുവണ്ടി വക ആനുകൂല്യങ്ങള്‍ കൊല്ലതിന്നപ്പുറം കടക്കാറില്ലല്ലോ.


രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി സമരം ചെയ്യുന്നവര്‍  ആണെങ്കില്‍ ഇപ്പൊള്‍ കൂലി കിട്ടാതെ  സമരങ്ങള്‍ക്കൊന്നും തയ്യാറാവില്ല. തുടര്‍ച്ചയായ സമരമാണെങ്കില്‍   രണ്ടു ദിവസം സമരം ചെയ്താല്‍ മൂന്നാം ദിവസം ഇരട്ടികൂലി ചോദിക്കും  പിന്നെയും നീണ്ടാല്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് കൂലി കൊടുത്താല്‍ പാര്‍ട്ടിക്ക് വേണ്ടി തങ്ങക്കു കിട്ടുന്ന കൂലിവരെ എടുത്തു കൊടുക്കേണ്ടി വരും എന്നുള്ളത് കൊണ്ട് അവര്‍ എന്തെങ്കിലും പറഞ്ഞു സമരം നിര്‍ത്തി തടി തപ്പും. ഇനി നേതാക്കള്‍ നടത്തുന്ന നിരാഹാരസമരം ആയാലോ ദിവസവും അണികള്‍ തങ്ങളുടെ കാല് പിടിക്കുന്നതിന്ന് പകരമായി അവര്‍ക്കും കാല് പിടിക്കേണ്ടതുണ്ട് മിനിമം ഒരു കോഴിയുടെ എങ്കിലും, ഒത്താല്‍ ഇടയ്ക്കിടെ ആടിന്‍റെയും.  
(ഒരു ദിവസം ഒരു കോഴി ചോദിച്ചുവത്രേ “ഞങ്ങള്‍ രക്തസാക്ഷിയാവുന്നത് ആര്‍ക്ക് വേണ്ടിയാണ്?.
“പാര്‍ട്ടിക്ക് വേണ്ടി, ഞങ്ങള്‍ നിങ്ങളെ തിന്നാലേ ഞങ്ങള്‍ക്ക് ശക്തിയുണ്ടാവൂ, ഞങ്ങള്‍ക്ക് ശക്തിയുണ്ടായാലെ പാര്‍ട്ടിക്ക് ശക്തിയുണ്ടാവൂ”.
“അപ്പോള്‍ മ്മളെ പാര്‍ട്ടിയുടെ ആള്‍ക്കാരെ കൊന്ന പാര്‍ട്ടിന്‍റെ പിന്നെ നമ്മളെ എന്തിനാ പാര്‍ട്ടിയില്‍ എടുക്കുന്നത്”
“അതിനെ കുറിച്ച് നിങ്ങള്‍ കോഴികള്‍ തീരെ പഠിച്ചിട്ടില്ല നിങ്ങള്‍ക്കതിന്‍റെ ആവശ്യം വരുന്നില്ല എന്നത് കൊണ്ടായിരിക്കാം കാരണം നിങ്ങള്‍ നാളെ ഞങ്ങള്‍ക്ക് ഭക്ഷണം ആവുക എന്നത് ഒഴിച്ചാല്‍ നിങ്ങള്‍ക്ക് പാര്‍ട്ടിയില്‍ ഒരു റോളും ഇല്ല. മാത്രമല്ല നിങ്ങളെ അതിനു വേണ്ടി മാത്രമാണ് ഞങ്ങള്‍ വാര്‍ത്തെടുത്തത്. കെ എഫ് സി മുതലാളി ശരീരത്തില്‍  തൂവലില്ലാതെ കെന്‍റെക്കി എന്ന കൃതിമജീവിയെ  കെന്‍റെക്കിചിക്കന്‍ ആക്കി മൂന്നാം ലോകത്തിനു മുമ്പില്‍ വിളമ്പുന്നത്പോലെ, പാര്‍ട്ടി നേതാക്കന്മാരുടെ വയറു നിറക്കാന്‍ വേണ്ടിയുള്ള നിങ്ങളുടെ ജന്മത്തില്‍ ചിന്ത എന്നതിനു അര്‍ഥം കേരളത്തില്‍ നിന്നും ആരോ പ്രസിദ്ധീകരിക്കുന്ന ഒരു വീക്കലിയുടെ പേര്  എന്ന് മാത്രമാണല്ലോ”.   
നേതാവ് തുടര്‍ന്നു
“മിസ്റ്റര്‍ കോഴി ശ്രദ്ധിച്ചു കേട്ടോളൂ ഓരോ പേര്കേട്ട രാഷ്ട്രീയക്കാരനും ഉണ്ടായിരിക്കേണ്ട ഒന്നാണ് നരമേധ മോഹന വിചാരം എന്നത്. ലസാഗു ഉസാഘ എന്നൊക്കെ പറയുന്നത് പോലെ ഇതും നേതാക്കന്മാര്‍ ചുരുക്കി പറയുന്നത് മൂലമാണ് നിങ്ങളെപ്പോലുള്ള ഞങ്ങള്‍ നേതാക്കള്‍ക്ക് വേണ്ടി നേര്ച്ച നേര്‍ന്ന കോഴികള്‍ക്കൊന്നും സംഗതി ഓടാത്തത്”.
നമ്മുടെ പാര്‍ട്ടിയില്‍ തന്നെ അത്തരം ആളുകള്‍ ഉണ്ടാവുമ്പോള്‍ അതും ഈ ആളുകളെ പാര്‍ട്ടിക്കൊപ്പം കൂട്ടുന്നതും എന്താണ് ബന്ധം?
അവരല്ലേ എന്ന് വെച്ചാല്‍ അന്നത്തെ നമ്മുടെ എതിര്‍പാര്‍ട്ടിക്കാര്‍ ആണല്ലോ നമ്മുടെ ആളുകളെ  കൊന്നത് അവരുടെ മുമ്പില്‍ ആണല്ലോ നമ്മുടെ ആളുകള്‍ രക്തം വാര്‍ന്നു പിടഞ്ഞു മരിച്ചത്. അതായത് അവരാണ് നമ്മുടെ ആളുകളുടെ രക്തം കണ്ടവര്‍ അഥവാ സാക്ഷിയായവര്‍ അപ്പോള്‍ അവരല്ലേ യഥാര്‍ഥരക്തസാക്ഷികള്‍. അപ്പോള്‍ ഈ യഥാര്‍ഥരക്തസാക്ഷികളെ ഒഴിവാക്കുന്ന കാര്യം സംഘടനക്ക് ചിന്തിക്കാന്‍ ആവുമോ?
പിന്നെയും ചോദിച്ചാല്‍ തന്‍റെ ആയുസ്സില്‍ ബാക്കിയുള്ള രണ്ടുദിവസം നഷ്ടപ്പെടും എന്ന് ഉറപ്പുള്ളത് കൊണ്ട് പിന്നെ കോഴി ഒന്നും മിണ്ടീലത്രേ)
രണ്ടു ദിവസം നിരാഹാരമെന്ന പേരില്‍ കിടന്നാല്‍  കോഴിക്കാല് അകത്ത് ചെന്നില്ലെങ്കില്‍ വയറു പറയും. “ഗ്ലാമര്‍ കഷണങ്ങള്‍ ഒന്നും ഇല്ലെങ്കില്‍  ദഹിപ്പിക്കാന്‍ എനിക്ക് മനസ്സില്ല ഞാന്‍ ഹര്‍ത്താല്‍ നടത്തും” .
ഉടനെ തന്നെ സമരം അവസാനിപ്പിക്കാന്‍ എന്തെങ്കിലും ന്യായം കണ്ടെത്താന്‍ അവര്‍ തപ്പി നടക്കും. പ്ലൂട്ടോയെ ഗ്രഹപദവിയില്‍ നിന്നും ഒഴിവാക്കി തിരിച്ചെടുത്ത ശാസ്ത്രഞ്ഞരെപ്പോലെ, ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍  ഐന്‍സ്റ്റീനെപ്പോലെ അവസാനം അവരുടെ തലയിലും ഒരാപ്പിള്‍ വീഴും. അങ്ങനെ ഒരു ഡസന്‍ എന്നാല്‍ ഒമ്പത് എന്ന് പറഞ്ഞിരുന്ന മന്ത്രി പന്ത്രണ്ട് തന്നെയാണ് എന്ന് തിരുത്തി സമ്മതിച്ചത് കാരണം സമരം നിര്‍ത്തുന്നു എന്നും പറഞ്ഞു തടി തപ്പും. സത്യത്തില്‍ ഈ ഡസനും സമരത്തിന്‍റെ ആവശ്യവും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്നത് എല്ലാവര്ക്കും അറിയുന്നത് പോലെ നേതാവിനും അറിയാഞ്ഞിട്ടൊന്നും അല്ല. പക്ഷെ വയറു ഹര്‍ത്താല് നടത്തിയാ അത് തീര്‍ക്കാന്‍ മുഖ്യമന്ത്രിയെ കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല എന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് തന്‍റെ മെയിന്‍ ഡിപ്പോസിറ്റില്‍ പ്രധാന പങ്കും നിക്ഷേപിക്കാന്‍ ഉള്ള ലോക്കറും മറ്റൊന്നല്ല എന്നതും. 
ഏത് സന്ധ്യക്കും പകല്‍ വെളിവില്ലാത്തവനും എന്‍ഡോസള്‍ഫാന്‍ സമരത്തെ കാറി തോല്‍പ്പിക്കാനാവില്ല എന്നത്  കൊണ്ട് കൂടിയാണ് മുഖ്യമന്ത്രി അനുനയത്തിന് തയ്യാറാവുന്നത്. തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടെക്ക് എത്തുമ്പോഴേക്കും സംസ്ഥാന സര്‍ക്കാരിന്റെ അനുകൂല്ല്യങ്ങളില്‍ എച്ചില്‍ മാത്രമേ ബാക്കിയാവാറുള്ളൂ. അതില്‍ നിന്ന് തന്നെ മൂന്ന്‍ ലക്ഷം വീതം ഏതവനാണാവോ തട്ടിയത്? പിച്ച ചട്ടിയില്‍ കയ്യിട്ടു വാരി തിന്നുന്ന ഇവര്‍ക്കൊക്കെ (അവന്‍ ഏതൊരു മഹാപ്രസ്ഥാനത്തിന്‍റെ ആള്‍ ആണെങ്കിലും)  അതിലും നല്ലത് വിളപ്പില്‍ശാലയിലെ മാലിന്ന്യമലയില്‍നിന്നും ആ മാലിന്ന്യം വയര്‍ നിറയുവോളം വാരിത്തിന്നുന്നതായിരുന്നു . എന്നാല്‍ ആ നാട്ടുകാര്‍ക്ക് പകര്‍ച്ചവ്യാധികള്‍ കുറച്ചു കുറഞ്ഞു കിട്ടും എന്ന ഉപകാരമെങ്കിലും ലഭിക്കുമായിരുന്നു.
 സത്യത്തില്‍ കാസര്‍കോഡിനോടുള്ള ഈ അവഗണന ചിലര്‍ മുതലെടുക്കുന്നു. അവര്‍ കുരിശായും വാളായും ശൂലമായും ജനങ്ങളുടെ ഇടയിലെ വക്രബുദ്ധികളുടെ മനസ്സിലെ ദുഷ്ടതകളെ മൂര്‍ച്ച കൂട്ടുന്നു. ജനങ്ങളുടെ ഐക്യബോധം തകര്‍ക്കുക എന്നതില്‍ ഏകദേശം വിജയിച്ചു കഴിഞ്ഞു എന്ന് സമീപകാല കാസര്‍കോടന്‍ വര്‍ത്തമാനങ്ങള്‍ നമ്മോട് പറയുന്നു. അവര്‍(വക്രബുദ്ധികള്‍)  എല്ലാവരും സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശസ്നേഹത്തിന്റെ പേരില്‍ റാലി നടത്തും വടികള്‍ ചുഴറ്റും, പരേഡുകള്‍ നടത്തും. കേരളത്തിലെ രണ്ടു മുന്നണികളില്‍ നിന്നും ഉള്ള ആളുകളെ മാത്രം ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത് കാരണം ഇവര്‍ക്ക് ഒന്നും ഇത് വരെ സഭ കാണാന്‍ കഴിയാത്തത് മലയാളത്തിന്റെ സൗഭാഗ്യം.
ഇവരുടെ ചെമ്മരിയാടിന്‍ തോലിന്‍റെ നിറം പച്ചയായാലും കാവിയായാലും അവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം. ബഹുമാനിക്കേണ്ടതിനെ നികൃഷ്ഠമായി ചോദ്യപേപ്പറില്‍ അവതരിപ്പിക്കുന്നവര്‍, തങ്ങളാണ് നിയമം എന്ന ഹുങ്കില്‍  കൈ കാലുകള്‍ വെട്ടുന്നവര്‍, ഗര്‍ഭിണികളെ ചുട്ടുകൊല്ലവേ ഗര്‍ഭസ്ഥശിശുവിനെ ശൂലത്തില്‍ തോണ്ടിയെടുത്തു പച്ച മനുഷ്യമാംസം രുചിക്കുന്നവര്‍ അവരെയെല്ലാം ഒറ്റപ്പെടുത്തണം. അതിന്നു കാസര്‍കോടുകാരനും കൊച്ചിക്കാരനും കോഴിക്കോടുകാരനും കൊല്ലത്തുകാരനും തിരുവനന്തപുരംനിവാസിയും തുല്യരായ കേരളീയര്‍ തന്നെ എന്ന വിധത്തില്‍ ഒരേ കണ്ണു കൊണ്ട് കാണാന്‍ സര്‍ക്കാരുകള്‍ പഠിക്കേണ്ടിയിരിക്കുന്നു         
അല്ലെങ്കില്‍ ജാതീയത മതപരിവര്‍ത്തനത്തിന്നു മുതലെടുക്കുന്ന സംഘങ്ങളുടേത് പോലെ നമ്മുടെ നാട് നിലവിളികള്‍ മാത്രം കേള്‍ക്കുന്ന മൗനമായി പ്രാര്‍ഥിച്ചാല്‍ കേള്‍ക്കാത്ത ദൈവത്തിന്‍റെ സ്വന്തം നാട് ആകും
പാവപ്പെട്ട ആദിവാസികളോട് ആദ്യം വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്ന പ്രാര്‍ഥനാ സംഘങ്ങള്‍ എന്നറിയപ്പെടുന്നവരുടെ പെണ്‍കൊടികള്‍ എല്ലാ വിവരവും സംഘപ്രധാനിയോടു പറയുന്നു. വീണ്ടും ആദിവാസിയുടെ വീട്ടില്‍ എത്തുന്ന പെണ്ണുങ്ങള്‍ അവരുടെ രോഗവിവരം ചോദിച്ചറിഞ്ഞു എല്ലാത്തിനും നമ്മുടെ പ്രാര്‍ഥനയില്‍ പങ്കെടുത്താല്‍ സൌഖ്യം കിട്ടുമെന്നും ആ ചികിത്സ പൂര്‍ണ്ണമായും ഫ്രീ ആണെന്നും പറയുന്നതോടെ ആദിവാസി കെണിയില്‍ വീഴുന്നു  
ആദിവാസി പനിച്ചു വിറച്ചു വരുമ്പോള്‍ കുറച്ചു (വീര്യം കൂടിയ പാരസെറ്റമോള്‍ ആരും കാണാതെ കലക്കിയ) വെള്ളം കൊടുത്ത്  ഇതാരാ ചക്കിയോ ഒപ്പമുള്ളത് നാടിയോ എന്ന്  മൈക്കിലൂടെ വിളിച്ചു പറയുമ്പോള്‍ ഹോ എത്രയോ  കിലോമീറ്റര്‍ അപ്പുറത്ത് താമസിക്കുന്ന തങ്ങളുടെ പേര് മനസ്സിലാക്കിയ ഇയാള്‍ ഒരു മഹാന്‍ തന്നെ എന്നു കരുതുന്നത് ആദിവാസി ആ തട്ടിപ്പില്‍ വീണു പോകുന്നു.  നിങ്ങളുടെ ദേഹത്തില്‍ ഒരു പ്രേതം അല്ലെങ്കില്‍ സാത്താന്‍ അല്ലെങ്കില്‍ കുട്ടിച്ചാത്തന്‍ കൂടിയിരിക്കുന്നു എന്ന് സംഘനേതാവ് വിളിച്ചു പറയുമ്പോള്‍ അവര്‍ അമ്പരന്നു നില്‍ക്കുന്നു. കാരണം അവരുടെ അറിവില്‍ അവരുടെ വീട്ടില്‍ വന്ന പുറത്തുള്ളവര്‍ ആ പെണ്ണുങ്ങള്‍ മാത്രമാണ്. മറ്റാരും തിരിഞ്ഞു നോക്കാത്തത് ആണല്ലോ അവരെ ഇക്കോലത്തില്‍ ആക്കിയത്. സ്റ്റേജിള്‍ അപ്പോള്‍ പ്രേതം കൂടിയ വേഷത്തില്‍ സംഘത്തിന്‍റെ കൂലിക്കാരി ആടി കളിക്കുന്നുണ്ടാവും അവസാനം നായകന്‍റെ കൈവിരലുകള്‍ക്കും ശബ്ദങ്ങള്‍ക്കും അവസാനം നായിക ബോധമറ്റ്‌ വീഴുന്നതോടെ നാടകത്തിന്‍റെ ആദ്യപാദം അവസാനിക്കുന്നു.രംഗം രണ്ട്  ഇതെല്ലാം കാണുന്ന ആദിവാസികളോട് നേതാവ് പറയും ഞാന്‍ പറയുന്നത് പോലെ പറയുക ഞാന്‍ പറയുന്ന കക്ഷിയില്‍ വിശ്വസിക്കുക. എന്നാല്‍ നിങ്ങള്‍ രോഗത്തില്‍ നിന്നും മുക്തനാവും. അതു പോലെ ചെയ്യുന്ന ആദിവാസിയോടു നേതാവ് പറയും ഇനി നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങള്‍ക്ക് ഒപ്പം  ഈ ഫോട്ടോ കൂടി കൊണ്ട് പോയി തൂക്കുക
പിന്നെ പിന്നെ ദൈവങ്ങളുടെ ഫോട്ടോ ഓരോന്നായി നിലത്തേക്ക് എറിയാന്‍ പറയുന്ന നേതാവും സംഘവും  അവസാനം അയാള്‍ കൊടുത്ത ഫോട്ടോ മാത്രമാവുമ്പോള്‍ ദൈവത്തിനു സ്തുതിയോതി പാട്ടും പാടി അടുത്ത കൂര തേടി യാത്ര തിരിക്കും. അപ്പോഴേക്കും വിദേശരാജ്യങ്ങളില്‍  നിന്നും അയാള്‍ക്ക് വേണ്ടി ഒരു ചെക്കുകള്‍  യാത്ര തിരിചിട്ടുണ്ടാവും. ഇത് ഇന്ന് ഏതെങ്കിലും ഒരു മതത്തിന്‍റെ പേരില്‍ മാത്രമല്ല നടക്കുന്നത്. വ്യാപകമായ ബിസിനസ് ആണ്.അങ്ങനെ പണക്കാരായ അച്ഛന്‍മാരും അമ്മമാരും ഉപ്പാപ്പമാരും  ആണ് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പണം എത്തിക്കുന്നത്. സത്യമാകട്ടെ ഇവര്‍ക്ക് കേവലം മാനസികരോഗികളായ ഭ്രാന്തന്‍മാരെപ്പോലും ഇവര്‍ക്ക് ഭയമാണ്.
പണ്ട് എന്ന് വെച്ചാല്‍ ഏകദേശം ഒരു അമ്പത് വര്‍ഷങ്ങള്‍ക്ക് അപ്പുറം കിഴക്കന്‍ ഏറനാടന്‍ അങ്ങാടിയായ വണ്ടൂരിന്നു സമീപമുള്ള കുറച്ചു തരികിട ആളുകള്‍ ഗൂഡല്ലൂര്‍ സ്വദേശിയായ ഒരു കള്ളുകുടിയനെ കൂട്ടികൊണ്ട് വന്നു ഔലിയയായി വേഷം കെട്ടിച്ച കഥയാണ് ഇവരുടെ കാട്ടികൂട്ടലുകള്‍ കാണുമ്പോള്‍ ഓര്‍മ്മയില്‍ എത്തുന്നത്. ആ ഗൂഡല്ലൂര്‍ക്കാരന്‍ വളരെയധികം സന്തോഷത്തോടെയാണ് ഈ ഓഫര്‍ സ്വീകരിച്ചതത്രെ. കാരണം മറ്റൊന്നായിരുന്നില്ല, സംഘം കുടിയുടെ ആശാന്മാര്‍ ആയിരുന്നു. ലാന്‍ഡ് ഫോണ്‍ വിരളമായിരുന്ന അന്ന് തൊടിയുടെ ഉള്‍ഭാഗത്തുള്ള  ഔലിയയുടെ പ്രാര്‍ഥനാപുര തേടി ബസ്സിറങ്ങുന്ന സ്ഥലത്ത് ഒരു കൊച്ചു ബേക്കറി ഉണ്ടായിരുന്നു, മിട്ടായി കച്ചവടം നടത്തുന്ന കക്ഷിയും ഇതിലെ ഒരു നടന്‍ തന്നെയാണ് എന്നത് വരുന്നവര്‍ക്ക് അറിയുമായിരുന്നില്ല. മിട്ടായികാക്ക കസ്റ്റമര്‍ വരുമ്പോള്‍ ആദ്യം എല്ലാ വിവരവും ചോദിച്ചറിയും. ഔലിയക്കു കാഴ്ച വെക്കാനുള്ള പഴങ്ങളും മധുരപലഹാരങ്ങളും വാങ്ങി രോഗിയും പരിവാരങ്ങളും പരിശോധനാ സ്ഥലം തേടി കടയില്‍ നിന്നും കാല് പുറത്തേക്ക് വെക്കുന്നതോടെ കള്ള ഔലിയയുടെ മുരീദ് ആയ മിട്ടായികാക്ക എല്ലാ വിവരങ്ങളും ഫോണില്‍ ഔലിയയെ ഫോണ്‍ വിളിച്ചു അറിയിക്കുന്നു. ഓപ്പെറേഷന്‍ ഹാളില്‍ എത്തുന്ന രോഗിയെ ഔലിയഡോക്ടര്‍  “അല്ലാ ആര് എന്താ മോയിനെ ങ്ങള് പ്പോ ഞമ്മളെ അടുത്ത് ന്താ വയറ്റില്‍ എന്തോ പ്രശ്നണ്ടല്ലോ”
 ‘ങ്ങളെ വയറ്റില്‍ക്കിടക്കുന്ന ആ ഇറച്ചികഷണം പൊറത്ത് പോയാല് വയറു വേദന പിടിച്ചു നിര്‍ത്തിയ പോലെ നിക്കും പേടിക്കേണ്ട എല്ലാം സുഖമാവും. അത് ഒരാള് വശീകരിക്കാന്‍ ചെയ്തതാ”
  ഔലിയയുടെ കറാമത് നിറഞ്ഞ വാക്കുകള്‍ കേട്ടപ്പോഴേ കാക്കാന്‍റെ അസുഖം പകുതി മാറിയിരുന്നു.
“കണ്ടോ ഇന്‍റെ രോഗം ന്നെ കണ്ടു കഴിഞ്ഞപ്പോഴേക്കും പറഞ്ഞു തങ്ങള്പാപ്പ”
രണ്ടു ദിവസത്തെ സ്വലാതും അകത്ത് കഴിക്കാന്‍ കുറച്ചു സുന്നാമക്കിയും മരുന്നായി (വയറിളക്കാനുള്ള മരുന്നാണ് സുന്നാമാക്കി) കിട്ടിയ രോഗിയുടെ അസുഖം പമ്പ കടന്നതോടെ കള്ളതങ്ങളുടെ വീട്ടു പടിക്കല്‍ ജനങ്ങള്‍ തിരക്ക് കൂട്ടി. ഇങ്ങനെ എല്ലാ ദിവസം കിട്ടുന്ന പണം പാതിരയാകുമ്പോള്‍ ചാരായവും കള്ളും വാങ്ങി സംഘം ആഘോഷിക്കാറായിരുന്നു പതിവ്.
പണചാക്കില്‍ കിടന്നുറങ്ങാന്‍ മുടിയിഴകള്‍ തേടി നടക്കുന്ന മനുഷ്യരിലെ അറിവില്ലായ്മയും കുടിപ്പകയും മുതലെടുക്കുന്ന ഇത്തരം സംഘങ്ങള്‍ ഇന്നും സുലഭമാണ്. ഏതു പിച്ചച്ചട്ടിയും പണചട്ടിയാക്കാന്‍ ഇക്കൂട്ടര്‍ മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു കൊണ്ടിരിക്കുന്നു.
ഇക്കുറി ഭരണമുന്നണിയിലെ പാലക്കമാലയായ ധനമന്ത്രിയുടെ ബഡ്ജറ്റ് അവതരിച്ചപ്പോള്‍ ബേക്കറി സാധനങ്ങള്‍ക്ക് വില കുറച്ചത് അത് എന്നെ  മിട്ടായി മുരീദിനെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു. പ്രവാസികള്‍ക്ക് വേണ്ടി ഒരു പുളി മുട്ടായി പോലും വാങ്ങി തരാന്‍ പ്രവാസികളുടെ മഹാമനസ്ഥിതിയുടെ മകുടോദാഹരണമായ കുറെ വീടുകളുടെ പേരില്‍ ജനങ്ങളോട് വോട്ട് ചോദിക്കുന്ന ഒരു പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ദാനത്തിനു ഈ ലോകത്തില്‍ നിന്നും പ്രതിഫലം ആഗ്രഹിക്കാന്‍ പ്രവാസിക്ക് പടച്ചോന്‍ അനുമതി കൊടുത്തിട്ടില്ല എന്ന കാര്യം മറക്കരുത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പരലോകബഡ്ജറ്റ് ഇല്ലാത്തതിനാല്‍ അവര്‍ക്ക് ജനങ്ങളോട് ഇത് പറയുകയും ചെയ്യാം.
തന്‍റെ സ്വന്തം മകനെ തന്തയില്ലായിമ കാണിക്കുന്നവന്‍ എന്ന് കളിയാക്കി മന്ത്രി സ്ഥാനം രാജിവെപ്പിച്ചു പേരകുട്ടികളുടെ തള്ളയെ വീട്ടില്‍നിന്നും പുറത്താക്കിശേഷം വീണ്ടും മന്ത്രിസ്ഥാനം കൊടുക്കണമെന്ന് ആക്രോശിക്കുന്ന രാഷ്ട്രീയാചാര്യനെ എങ്ങനെ ജയിലില്‍ നിന്നും മോചിപ്പിച്ചുവോ - അതെ അടവ് തന്നെയാവുമോ ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികള്‍ക്കു വേണ്ടിയും  കൈകൊള്ളുക എന്നറിയാന്‍  കേരളം കാത്തിക്കുന്നു. അഥവാ പാര്‍ട്ടി നേതാക്കളായ പ്രതികളുടെ കാര്യത്തില്‍ എങ്കിലും അങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളൂ. മുട്ടിന്‍കൈ ഇല്ലാത്തവന് മൂന്നു വിരല്‍ പോയവനെ കുറ്റം പറയാനും കഴിയില്ലല്ലോ.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി തോറ്റാല്‍ അതിന്റെ മുഴുവന്‍ ഉത്തരാവാദിത്വവും തനിക്കാണെന്ന് ഒരു ക്രോണിക് ബാച്ചിലര്‍. കൊച്ചുകുട്ടികള്‍ ചോറ് തിന്നാന്‍ അമ്മമാര്‍  ഉപയോഗിക്കുന്ന സൂത്രമാണ് “ദേ ചോറ് മുഴുവന്‍ തിന്നാത്ത കുട്ടികളെ തേടി രാത്രി ഇരുട്ടത്ത് കോത്താമ്പി വരും”.  ഹോ അത് കേള്‍ക്കുമ്പോഴേ കുട്ടികള്‍ ചോറ് മുഴുവന്‍ കഴിക്കും.അല്ലാതെ ഇന്ന് വരെ ആരും കോത്താമ്പിയെ കണ്ടിട്ടില്ല. ഇത് പോലെയാണ് അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ. ഞങ്ങള്‍ക്ക് വോട്ട് തന്നില്ലെങ്കില്‍  ദേ മോഡി വരുന്നു അയാള്‍ നിങ്ങളെ പിടിച്ചു തിന്നും. പാവം  ജനങ്ങള്‍,  ക്രോണിക് ബാച്ചിലറുടെ പാര്‍ട്ടിക്ക് വോട്ട് കൊടുക്കാന്‍ അവര്‍ ക്യൂവില്‍ തിരക്കുകയാണ്. അല്ലെങ്കിലും അധികം വിലകൂടുതല്‍ ഒന്നും ഉണ്ടായിട്ടില്ലട്ടോ. നിലവിലുള്ള വിലയുടെ മുന്നില്‍ ഒരു ഒന്ന് മാത്രമല്ലേ കൂടിയിട്ടുള്ളൂ പത്തും ഇരുപതും ഒന്നും അല്ലല്ലോ ഉദാ: ഗ്യാസിനു 300എന്നത്1300 ആയി എന്ന് മാത്രം. എന്തായാലും ആ പാര്‍ട്ടി തോറ്റാല്‍ നോട്ടിലെ ഗാന്ധിക്ക് സമാധാനം ആവും വിലയില്ലാത്ത ഗാന്ധി എന്ന് വിളിക്കാന്‍ വേറെയും ഗാന്ധിമാരുണ്ടാവുമല്ലോ.

ഉമ്മന്‍ ചാണ്ടി മറ്റൊരു ഉമ്മന്‍ കമ്മീഷനെ വെച്ച് മലയോരമേഖലയെ പറ്റിചിരിക്കുന്നു.കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പറഞ്ഞ നൂറ്റിയിരുപത്തിമൂന്ന് വില്ലേജുകള്‍ അതീവ പരിസ്ഥിതിലോലപ്രദേശമേഖലയെന്ന് കേന്ദ്രം വീണ്ടാവര്‍ത്തിച്ചിരിക്കുന്നു. അല്ലെങ്കിലും കേരളത്തില്‍ ഏതു കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ആണ് കേരളത്തില്‍ നടപ്പാക്കിയിട്ടുള്ളത്. അങ്ങനെ ഉമ്മന്‍മാരുടെ ഓഫറുകള്‍ എല്ലാം ഉമ്മാക്കികള്‍ ആണെന്നറിഞ്ഞ മലയോരം ആകെ ഇളക്കം തുടങ്ങി കഴിഞ്ഞു. ആദ്യമേ മോഡിക്ക് പിന്തുണയുമായി പാഞ്ഞു നടക്കുന്ന തിരുമേനിമാരേ സമാധാനിപ്പിച്ചുകൊണ്ടിരുന്ന ഭരണമുന്നണിക്കാര്‍  ആദ്യം തന്നെ കരഞ്ഞുകൊണ്ട്‌ ഇപ്പൊ കുട്ടീം ചത്തു എന്ന അവസ്ഥയിലാണിപ്പോള്‍.
ചീവീട് തവളയെപ്പോലെ ആല്ല കാരണം തവളകള്‍ മുല്ലപ്പെരിയാര്‍ നിറയുമ്പോഴും തിരഞ്ഞെടുപ്പ് വരുമ്പോഴും ആണ് മറുകണ്ടം ചാടുന്നതും പാടുന്നതും, എന്നാല്‍ മലയോരപ്രദേശത്തുള്ള ചീവീട് എപ്പോഴും പാട്ട് പാടി കൊണ്ടിരിക്കും. ചിലപ്പോള്‍ അത് ഭരണിപ്പാട്ടോ ഗ്രാമങ്ങളില്‍ മാത്രം കേള്‍ക്കുന്ന ഗ്രാമപാട്ടോ ആവും പാടുക. മലയോരമായ പൂഞ്ഞാറിലും നെല്ലിയാമ്പതിയിലും മാത്രം കാണപ്പെടുന്ന ഈ സംഗീതക്ഞന്‍ ഇടക്ക് അനന്തപുരിയിലും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ മകരതണുപ്പ് വന്നതോടെ ചീവീട് മൂടിപ്പുതച്ചുറങ്ങുകയാണെന്ന് തോന്നുന്നു. ഇനിയിപ്പോ ഗാര്‍ഡില്‍ എന്ന വടക്കന്‍കാറ്റോ കസ്തൂരിരംഗന്‍കാറ്റോ വീശേണ്ടി വരും ഇതിന്‍റെ ഉറക്കമുണരാന്‍.     
വൃദ്ധസദനത്തിലോ മറ്റെന്തെങ്കിലും താല്‍ക്കാലികസ്ഥലത്തോ എത്ര കാലം പാര്‍ത്താലും സ്വന്തം മക്കള്‍ തന്നെ ഇറക്കി വിടില്ല എന്ന് തോന്നിയാല്‍ ഏതമ്മക്കും സ്വന്തം വീട്ടിലേക്ക് കേറാന്‍ മോഹം ഉണ്ടാവും. അവര്‍ വാതില്‍ക്കല്‍ വന്നു കാത്ത് നില്‍ക്കും, കുറച്ചു നേരം അനക്കങ്ങള്‍ക്ക് കാതോര്‍ക്കുന്ന അവര്‍ ആരും ആട്ടുന്നില്ല എന്നറിഞ്ഞാല്‍ മെല്ലെ അകത്ത് കയറി കാലും നീട്ടിയിരിക്കും, കുറെ കാലത്തിനു ശേഷം അന്നാവും അവര്‍ ഒരു ദീര്‍ഘശ്വാസം വിടുന്നത്. സ്വന്തം വീടിന്‍റെ വാസന ആസ്വദിക്കാന്‍ അവര്‍ കാത്തിരിക്കയായിരുന്നല്ലോ.  ഒരു വല്യമ്മ ഇപ്പോള്‍ തിരിവനന്തപുരത്തു ഇങ്ങനെ ഒരു വീട്ടുവാതില്‍ക്കല്‍ കാത്തുനില്‍ക്കയാണ്‌. അവരുടെ സ്വന്തം അദ്ധ്വാനത്തിന്‍റെ മണമുള്ള ആ വാതിലുകള്‍ തുറക്കാന്‍ അധികം വൈകാതിരികട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. പാര്‍ട്ടി എന്ന കുടുംബത്തിനു വേണ്ടി  വേണ്ടി തന്‍റെ സ്വകാര്യസ്വപ്നങ്ങള്‍ വലിച്ചെറിഞ്ഞ അവര്‍ക്ക് ഒരു നല്ല സായന്തനം ആശംസിക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ