മനസ്സിലെ മായാത്ത മഴവില്ലുകള്‍ ആണു കുട്ടിക്കാലത്തെ നോമ്പ് കാലം
കഷ്ടപ്പാടിന്നിടയിലും പരസ്പരം സ്നേഹിച്ചിരുന്ന ഗ്രാമത്തിലെ ജനങ്ങള്‍
അയല്‍വാസിയുടെ ദുഃഖവും സുഖവും അവര്‍ പരസ്പരം പങ്കുവെച്ചു
പണം കൊണ്ട് ദരിദ്ര രായിരുന്നാലും അവര്‍ സ്നേഹം കൊണ്ട് സമ്പന്നരായിരുന്നു
ആ നല്ല കാലത്തിന്‍റെ ചിതലരിക്കാത്ത ഓര്‍മ്മകളില്‍നിന്നും
കൊതി മാറാത്ത നോമ്പ് തുറകള്‍
എന്നു വെച്ചാല്‍ ഞങ്ങള്‍ കോലായില്‍ കാലു കുത്തുമ്പോഴാണ് അസര്‍ നമസ്കാരത്തിനുള്ള നകാര* പള്ളിയില്‍ നിന്നും മുഴങ്ങിയത്
ലൌഡ് സ്പീക്കര്‍ പ്രചാരതിലാവുന്നതിന്നു മുമ്പ് നമസ്ക്കാരസമയമായി എന്ന് അറിയിക്കാന്‍ ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗമായിരുന്നു നകാര. ഒരു തരം വലിയ ബാന്‍ഡ് എന്നോ ചെണ്ട എന്നോ ഒക്കെ പറയാവുന്ന- അടിഭാഗം ചിരട്ടയുടെ രൂപത്തിലുള്ളതും മുകള്‍ ഭാഗം തുകലിനാല്‍ മൂടപ്പെട്ടതും ആയ ഒരു സാമാന്യം വലിയ ഒരു വസ്തുവായിരുന്നു അത്. അതിന്റെ ശബ്ദത്തിന്‍റെ മുഴക്കം കിലോമീറ്ററുകള്‍ അപ്പുറത്തേക്ക് കേള്‍ക്കാമായിരുന്നു എന്നതിനാല്‍ അന്ന് ഗ്രാമങ്ങളുടെ ഘടികാരം കൂടി ആയിരുന്നു അവ എന്ന് പറയാം. നമസ്കാരത്തിനുള്ള ബാങ്ക് കൊടുക്കുന്നതിനു തൊട്ടു മുമ്പ് നകാര അടിച്ചു അതിന്നു ശേഷം മുക്രി ബാങ്ക് കൊടുക്കും. എന്നാല്‍ അത് അടുത്തുള്ള വീടുകളില്‍ ഉള്ളവര്‍ക്ക് മാത്രമേ കേള്‍ക്കുമായിരുന്നുള്ളൂ
ഞങ്ങള്‍ ചെന്ന സന്തോഷത്തില്‍ വല്ലിപ്പ വേഗം ഒരു പൂവന്‍ കോഴിയെ പിടിച്ചു അറുത്തു.
നിലത്തില്‍ വെച്ച ഉടനേ കോഴി ഒരു നീളം പാഞ്ഞ ശേഷം ഒന്ന് പിടഞ്ഞു അനക്കമറ്റു കിടന്നു.അപ്പോള്‍ മറ്റു രണ്ടു പൂവന്‍ കോഴികള്‍ സംഭവം മനസ്സിലാവാതെ അടുത്ത് വന്നു ഉറക്കെ കൊക്കി കൊണ്ടിരുന്നു
"ങ്ങും ഇപ്പങ്ങള് രണ്ടാളും ഒച്ചേം വിളിം കൂടിക്കോളീ ഇന്നേരാകുന്നത് വരെ ആ ചങ്ങനു* ങ്ങള്‍ ഒരു സമാധാനം കൊടുത്തിരുന്നോ, കൊത്തി കൊത്തി അയിനെ ങ്ങള് രണ്ടാളും കടുപ്പം കാട്ട്വല്ലേനോ
ഒരു വറ്റും കൂടി കൊത്താന്‍ ങ്ങള്‍ ആ പാവത്തിനെ സമ്മതിചിട്ടില്ല, പൊയ്ക്കൊളിങ്ങള്‍"
കറി വെക്കാനായി മല്ലി വറുത്തു ശേഷം അമ്മിയില്‍ ഇട്ട് അരക്കുകയായിരുന്ന വല്ലിമ്മ ഉമ്മറത്ത് തൂങ്ങുകയായിരുന്ന മട്ടലില്‍ നിന്ന് രണ്ടു ഓലക്കൊടിയെടുത്തു പൂവന്മാരെ ആട്ടിപ്പായിച്ചു
ഞങ്ങള്‍ നേരെ ഇലഞ്ഞി മരത്തിന്റെ ചുവട്ടിലേക്കാണ് ഓടിയത് പുടുവന്നിയില കുമ്പിള്‍ കുത്തി അത് നിറച്ചും പൂ പെറുക്കി വാഴ നാരില്‍ കോര്‍ത്ത് മാല കഴുത്തിലിടാന്‍. എത്ര ദിവസമാണെന്നോ അതിന്റെ വാസന നീണ്ടു നില്‍ക്കുക.
അന്നത്തെ നോമ്പ് തുറകള്‍ ഇന്നത്തെ പോലെ കുശാല്‍ ആയിരുന്നില്ല. ഗ്രാമത്തിലെ വീടുകളില്‍ പലതും പട്ടിണിയുടെ പിടിയിലായിരുന്നു. സമ്പത്ത് ഉള്ള പലരും അവരുടെ സകാത്ത് വിഹിതം ഇരുപത്തി ഏഴാം രാവിലെ ഇരുപത്തി അഞ്ചു പൈസയില്‍ ഒതുക്കി അത് തന്നെ വീടുകളില്‍ കൊണ്ട് പോയി കൊടുക്കാറില്ല.കാരണം ഇരുപത്തിയേഴാം രാവിന്റെ പകലില്‍ സ്വന്തം വീട്ടു മുറ്റത്തെ തിരക്ക് അവര്‍ ഒരു ഐശ്വര്യം ആയി കണക്കാക്കിയിരുന്നു. മാത്രമല്ല തങ്ങളുടെ പ്രതാപത്തിന്റെ പ്രതീകമായും അവര്‍ ഈ ചടങ്ങ് ആഘോഷിച്ചു.
ഒരു വലിയ കുടുംബമായിരുന്നു വല്ലിപ്പയുടെ കുടുംബം. ഇന്ന് മക്കള്‍ എല്ലാവരും ഇവിടെ എത്തിയിരിക്കുന്നു.വീട്ടില്‍ ആകെ ഉത്സവ പ്രതീതിയാണ്.പൂകോര്‍ക്കലിനു ശേഷം ഞങ്ങള്‍ പറമ്പില്‍ എത്തി പറങ്കി മാവില്‍ കേറിയതും വല്ലിപ്പ വിലക്കി.
"എറങ്ങിയാണി അവട്ന്നു ങ്ങള്‍ കുലുക്കി എന്നിട്ടു അതിന്റെ പൂവൊക്കെ പ്പൊ കൊഴിച്ചും".
വല്ലിപ്പയുടെ കയ്യില്‍ വടി കണ്ട ഞങ്ങള്‍ താഴെയിറങ്ങി, വീണു കിടന്ന പറങ്കി മാങ്ങകള്‍ ഒരു കുട്ടയിലാക്കി. ശേഷം അണ്ടിയിരിഞ്ഞു ശേഷം മാങ്ങ ഒരു കുട്ടയില്‍ കഴുകി വെച്ചു .
ഇത് ഇവിടെ വരുമ്പോള്‍ മാത്രമേ സമൃദ്ധമായി കിട്ടൂ.ഉണക്ക് മുളക് ചുട്ടു ഉപ്പിട്ട് പൊടിച്ചതും കൂട്ടി പറങ്കി മാങ്ങ കഴിക്കുന്നതിന്റെ ആ രുചി മറക്കാന്‍ കഴിയില്ല.
നോമ്പ് തുറക്കാനുള്ള സമയം അടുത്ത് വന്നതോടെ വല്ലിമ്മ പറഞ്ഞു
"ദാ ഒച്ചണ്ടാക്കാതെ നിക്കീം നകാര മുട്ട്ണത് കേക്കൂല"
"ദാ വെടി പൊട്ടി"
കുഞ്ഞാമയാണത് പറഞ്ഞത്
"ന്തിനാമ്മാ ഈ വെടി പോട്ട്ണേ" കാര്യം മനസ്സിലാവാതെ ഞാന്‍ ചോദിച്ചു.
"അത് മമ്പാട്ടെ പള്ളീന്ന് നോമ്പ് തൊറക്കുന്ന നേരം ദൂരക്കാര്‍ക്ക് അറിയാന്‍ വേണ്ടി പ്പീരങ്കി വെടി പൊട്ടിക്ക്ണതാ" ഉമ്മ മറുപടി ഒരു വാചകത്തില്‍ ഒതുക്കി.
പൂള അഥവാ കപ്പ പുഴുങ്ങിയതാണ് ഇന്നത്തെ പ്രധാന വിഭവം. കൂടാതെ പേരമക്കള്‍ക്ക് വേണ്ടി സ്പെഷല്‍ കുറച്ചു പത്തിരിയും ചുട്ടിരിക്കുന്നു.ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഈരണ്ടു പത്തിരി കിട്ടി വല്ലിപ്പക്കും മമാക്കും ഓരോന്നും. പച്ച മുളക് ഉടച്ചു വെളിച്ചെണ്ണ ചേര്‍ത്തത് ഒരു പാത്രത്തില്‍ ഇരിക്കുന്നു അതിനൊപ്പം കോഴിക്കറിയും ഒരു തണീപിഞ്ഞാണത്തില്‍ (ചൈനാ ക്ലേ കൊണ്ടുള്ള പാത്രം ) മണവും പറത്തി ഇരിക്കുന്നു.ശര്‍ക്കരയിട്ട ചായക്ക് ഇന്നത്തെ ചായയെക്കാളും കാഴ്ചയില്‍ കടുപ്പം തോന്നും.
ഒരു കോഴി കൊണ്ട് തന്നെ നോമ്പ് തുറക്കാനുള്ള കറിയും രാത്രി അത്താഴതിനുള്ള കൂട്ടാനും അത് കൊണ്ട് തന്നെ കുട്ടികള്‍ക്ക് ഉള്ള പാത്രങ്ങളില്‍ ഓരോ കഷ്ണങ്ങള്‍ വിളമ്പി കഴിഞ്ഞപ്പോള്‍ പിന്നെ ഒരു കഷണം ബാക്കി വന്നത് വല്ലിമ്മ വല്ലിയാപ്പയുടെ പാത്രത്തില്‍ ഇട്ടു.
നകാരയുടെ മുഴക്കവും കൂടി കേട്ടതോടെ എല്ലാവരും വെള്ളം കയ്യില്‍ പിടിച്ചു നോമ്പ് തുറക്കാന്‍ തയ്യാറായി ഇരുന്നു.അതിനിടയില്‍ താഴെ ഊടുവഴിയിലൂടെ ആരൊക്കെയോ വരുന്നത് കണ്ടു ഉമ്മ ചോദിച്ചു
"ആരാണ്പ്പോ ആ വരുണത്"
"അക്കരപ്പാര്‍ക്കുന്ന മറിയേം കുട്ടിയാളും ആണ്ന്നു തോന്നുന്നു"
മാമയാണത് പറഞ്ഞത്
"ങ്ങൂം ശരിയാ ഓളെന്നെ"
ഉമ്മ ആ വാദത്തെ സ്ഥിധീകരിച്ചു
"ഞ്ഞ് പ്പൊ ന്താ കാട്ട്വാ മൂന്നാല്‍ കുട്ട്യാളിം കൊണ്ടാ ഓള് വരുന്നത്
അയിറ്റക്ക് കൊടുക്കാന്‍ പത്തിരി ഇല്ല
ഓല്‍ക്ക് കൊടുക്കാതെ ഞമ്മളെ കുട്ട്യാള് മാത്രം തിന്നാ പടച്ചോന്‍ പൊറുക്കുല്ല".
വേവലാതിയോടെ വല്ലിമ്മ പറഞ്ഞു. ഉടനെ അവരെ വല്ലിയാപ്പ പുറത്തേക്കു വിളിച്ചു കൊണ്ട് പോയി എന്തോ സ്വകാര്യം പറഞ്ഞു
"മക്കള് ഓരോ പത്തിരി ങ്ങ് ട്ട് തരീ"
ചിലരൊക്കെ കൊടുക്കാന്‍ മടിച്ചപ്പോ വല്ലിമ്മ പറഞ്ഞു
"ദേ നോക്ക്യാ ങ്ങള്‍ മാത്രം പത്തിരി തിന്നുന്നത് കണ്ടാ ഓല് കൊതി കൂടും, കൊതി കൂടിയാ പള്ള ദേ ഇങ്ങനെ വീര്‍ക്കും" വല്ലിമ്മ വയറിനു മുകളില്‍ കൈകള്‍ കൊണ്ട് കുടവയര്‍ വരച്ചു കാട്ടിയതും എല്ലാവരും ഓരോ പത്തിരി എടുത്തു കൊടുത്തു .പിന്നെ വല്ലിമ്മ തന്നെ ഓരോ പ്ലയിറ്റില്‍ നിന്നും ഇറച്ചി കഷണത്തിന്റെ ഓരോ പിച്ച് എടുത്തു.
മുറ്റത്തെ പുളിമരത്തിന്റെ ചോട്ടില്‍ എത്തി കുട്ടിയെ താഴെയിറക്കി മറിയാത്ത ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു
"ഒരു ചക്ക ഉണ്ടായിരുന്നത് കാക്കച്ചിയാളും അണ്ണകൊട്ടനും തിന്നു. ബാക്കി ഒരു ചെറിയ കഷ്ണം കൊണ്ട് പലച്ചക്ക് ഒപ്പിച്ചു .ഞാന്‍ കാക്കച്ചിയാളെ കുറ്റം പറയല്ല.ഓരത് തിന്നത് കൊണ്ട് തൊറക്കാന്‍ നോക്കുമ്പോള്‍ ഒന്നുല്ല".
സങ്കടത്തോടെ ഒറ്റ ശ്വാസത്തില്‍ അത് പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു പെയ്യുന്നുണ്ടായിരുന്നു
"അതിനു മറിയാ അന്നോട് ഞാമ്പറിഞ്ഞിട്ടില്ലേ അനക്ക് എപ്പോ വേണങ്കിലും ബടെ വരാ ന്താള്ളച്ചാ കഴിച്ചാ" ചെറിയ കുട്ടിയെ എടുത്ത് ഉമ്മ വെച്ച ശേഷം വാപ്പ പറഞ്ഞു
ഇന്ഷാ അള്ളാ ഒരു ദിവസം മൈദീന്‍ മലയില്‍ നിന്നും തിരിച്ചു വരും, ഓനേ പുലി പിടിച്ചിട്ടുണ്ടാവില്ല എന്നു തന്നെയാണ് ഇപ്പൊളും ന്‍റെ മനസ്സ് പറയണത് "
മറിയാത്താന്റെ കുട്ടികളെ തലോടി കൊണ്ട് നില്‍ക്കുമ്പോള്‍ വല്ലിപ്പയുടെ കണ്ണുകള്‍ സജലങ്ങളാവുന്നത് കാണാമായിരുന്നു
"പക്ഷെ വിരുന്നാര് വന്നത് ഞാന്‍ അറിഞ്ഞിട്ടില്ലായിരുന്നു"
"അതൊന്നും ജ്ജ് നോക്കണ്ട ആ കുട്ടിയാളെ അവടെ ഇരുത്തിക്കാ"
ഇരിക്കാനുള്ള പലകകള്‍ വെച്ച് കൊടുത്തുകൊണ്ട് വല്ലിമ്മ പറഞ്ഞു
* * * * * * * * * * * * * * * * * *
തറാവീഹ് നമസ്കാരത്തിന് പള്ളിയില്‍ ഭയങ്കര തിരക്കായിരുന്നു കുറെ റകഅതുകള്‍ ക്ക് ശേഷം എനിക്ക് ഉറക്കം വന്നു പക്ഷെ പള്ളിയിലെ വാതിലില്‍ കൂര്‍ത് നില്‍ക്കുന്ന ആണി പോലെയുള്ള ചെ മ്പ് കൊണ്ടുള്ള അടപ്പ് പിന്നിലോട്ടു ഉറങ്ങി ഞാന്‍ അറിയാതെ ആടുന്ന തലയില്‍ കൊള്ളുമ്പോള്‍ ഉറക്കം പറ പറക്കും ഇത് വിത്റു വരെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.
പള്ളിയില്‍ നിന്നും മടങ്ങുമ്പോള്‍ ഐതറുക്കാക്കയായിരുന്നു ചൂട്ടു മിന്നി മുന്നില്‍ നടന്നിരുന്നത്
കടായിക്കല്‍* എത്തിയപ്പോള്‍ കാക്ക ചോദിച്ചു "അല്ല ഇന്നത്തെ കോള് വല്ലതും ബാക്കിണ്ടോ"
"ഇല്ലയ്തറോ അത് കൊണ്ടല്ലേ ഞാന്‍ അന്നേ ഇപ്പം വിളിക്കാത്തത്"
* * * * * * * * * * * * * * * * * *
കുട ഇറയിലെ വളയില്‍ കൊളുത്തിയ ശേഷം വല്ലിപ്പ ചോദിച്ചു
"എട്യേ ന്തങ്കലിണ്ടോ തിന്നാന്"
"ദാ, ഒരു ഗ്ലാസ് മോര്, ഇത് കുടിചോളീ"
മോര് കുടിച്ച ഗ്ലാസ് തിരിച്ചു നല്‍കി കൊണ്ട് വല്ലിയാപ്പ ചോദിച്ചു "എവിടന്നാത്"
"മ്മളെ നാണു മേശിരിന്റെ വീട്ടിന്ന് കൊടുന്നതാ ഓലെ പയ്യ് കഴിഞ്ഞാഴ്ച പെറ്റു
ഒരു ചൊങ്കന്‍ മൂരിക്കുട്ടി നല്ല അനുസരണയുള്ള പയ്യാ, നല്ലോണം അവിടും ണ്ട്"
എന്റെ കുപ്പായം അഴിക്കുന്നതിന്നിടയിലും വല്ലിമ്മ പറഞ്ഞു കൊണ്ടിരുന്നു
"ആനന്ദ വല്ലി ക്ക് പ്പൊ നല്ലോണം തുന്നല്‍ കിട്ടുന്നുണ്ട്"
"വല്ലിയ കാര്യായി" അത് വരെ മിണ്ടാതെ നിന്ന വല്ലിപ്പ ഇടയില്‍ കയറി
"ഓണത്തിന് അടിച്ച പകുതി പൈസ കിട്ടിയിട്ടില്ല ന്ന അറിഞ്ഞത്, ബല്ലാത്ത മനുഷന്‍മാര്"
ആള്‍ക്കാരെ അടുത്ത് പൈസ ഇല്ലയിട്ടാവും അവര് ഇന്നല്ലെങ്കില്‍ നാളെ അതൊക്കെ വീട്ടിക്കൊളും അത് പറയുമ്പോള്‍ മണ്ണെണ്ണ വെളക്കിന്റെ വെളിച്ചത്തിലും വല്ലിമ്മാക്ക് നാട്ടുകാരോടുള്ള സഹതാപം മുഖത്ത് കത്തി നിന്നു
കുപ്പായം അഴിച്ചു അറയില്‍ കൊളുത്തിയ ശേഷം വല്ലിപ്പ ചെറിയ മുറിയില്‍ കേറി വിളിച്ചു
"ആമ്യെ"
"ന്തേ"
"കുട്ട്യാള്‍ പൊറുക്ക്യെ പറങ്കി മാങ്ങന്റെ കൊട്ട എവിടെ"
"ന്തിനാ"
"അല്ല പറങ്കി മാങ്ങ തിന്നാനൊരു പൂതി"
"പയിക്കുന്നുണ്ട്* ല്ലേ ന്ക്കറീല്ലേ ങ്ങളെ"
"ജ്ജ്* കളിപ്പിക്കാതെ കാര്യം പറയ് പെണ്ണേ"
"ഞാന്‍ ങ്ങള്‍ വരാന്‍ കാത്തിരിക്കയായിരുന്നു ഉപ്പ് തിരുമ്മി വച്ചിട്ടുണ്ട്"
പാവം വല്ലിമ്മ വിശന്നിട്ടും വല്ലിപ്പ വരുന്നതു വരെ ക്ഷമിച്ചിരിക്കയായിരുന്നു
നോമ്പ് തുറക്കുന്ന നേരത്ത് ആകെ മുമ്പില്‍ എടുത്ത് വെച്ചത് രണ്ടു കഷണം കപ്പയായിരുന്നു
ആ പാത്രം തന്നെ മറിയാത്താക്ക് മുന്നിലേക്ക് വെച്ച് കൊടുത്തു
"അപ്പൊ നിങ്ങള്ക്ക് വേണ്ടേ" എന്ന് ചോദിച്ചു മറിയാത്ത അത് തിരിച്ചു വല്ലിമ്മയുടെ മുന്നിലേക്ക് നീക്കുമ്പോള്‍ തടഞ്ഞു കൊണ്ട് വല്ലിമ്മ പറഞ്ഞു "ഇന്ക്ക് നോമ്പ് തൊറന്നു കൊറേ കഴിഞ്ഞിട്ടേ എന്തെങ്കിലും തിന്നാന്‍ കഴിയൊള്ളൂ".

"അല്ല ഞമ്മള്‍ കുട്ട്യാള്‍ വരുന്ന ദിവസം ചീരക കനഞ്ഞി വെക്കാനാന്നും പറഞ്ഞു ജ്ജ് കുറച്ച് കുറിയറി എടുത്ത് വച്ചിരുന്നല്ലോ ന്നു ട്ടെന്തേ വെച്ചിലെ"
"അത് താഴെ പേരേത്തെ ശാന്ത കൊണ്ടോയി, ഓളെ കെട്ടിയോന്‍ രണ്ടു ദിവസായിട്ട് പനിച്ചു കെടക്കാത്രേ വെറക്ക്ണ പനി"
"ന്നുട്ടെന്തേ ജ്ജാ വര്‍ത്താനം മുണ്ടാഞ്ഞത്.ത്ര നേരായിട്ടു ഞാന്‍ പോയി നോക്കത്തത് മോശായി
ഓം പ്പൊ എന്താ വിചാരിച്ചിക്ക്വ, പടച്ചോന് അറിയാ"
'ഞാന്‍ അറിഞ്ഞാ പറയില്ലേ,ഓള് ഇപ്പൊ ഇഷാന്റെ ബാങ്ക് കൊടുക്കാന്‍ നേരത്താ വന്നത്, ചീരകം മരുന്നൊക്കെ പൊടിച്ചു ഒരുങ്ങി ഇരിക്കുമ്പോഴാണ് ഓള് മണ്ടി വരണത്"
ഞാന്‍ ങ്ങളോട് രാവിലെ പാടത്ത്പോയപ്പോ തന്നെ പറഞ്ഞതാ ഒരു മൊരട് പൂള അധികം പറിക്കാന്‍,നെല്ല് കുത്താനാണെങ്കി കുന്താണിന്റെ മൂഡ് കേടും ആണ്"
വല്ലിമ്മ തന്റെ നിസ്സഹായാവസ്ഥ വിവരിച്ചു കൊണ്ടിരുന്നപ്പോള്‍ വല്ലിയാപ്പ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു
"സാരല്ല മ്മക്ക് പ്പൊ ള്ളത് തിന്നാ"
മുന്നിലെ അലുമിനിയ പാത്രത്തില്‍ ചൂടുള്ള കഞ്ഞി വെള്ളം വിളമ്പുമ്പോള്‍ വല്ലിമ്മ പറഞ്ഞു
"ഞാന്‍ കഞ്ഞീല്‍ കൊറച്ചു വറ്റിട്ട് തരാ"
"വേണ്ടാ കുട്ട്യാള്‍ക്ക് നോമ്പ് തൊറന്നു പ്പൊ തന്നെ പള്ള ശരിക്ക് നറഞ്ഞിട്ടില്ല ഞ്ഞ് അത്താഴോല്ലെങ്കി ശരിയാവൂല, മ്മളെ മാതിരി അല്ലെല്ലോ കുട്ട്യാള്"
എരിവുള്ള കശുമാങ്ങ കഷ്ണങ്ങള്‍ക്ക് ഒപ്പം ചൂടുള്ള കഞ്ഞി വെള്ളം കുടിക്കുമ്പോ എന്‍റെ കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും ഒക്കെ വെള്ളം വന്നു
"ന്തേ ണ്ണ്യേ മൊളക് കൂട്യോ" വല്ലിമ്മ എന്റെ മുഖം തുടച്ചു കൊണ്ട് ചോദിച്ചു
ഏയ് ഇല്ല എന്ന് ഞാന്‍ പറയാന്‍ തുനിയുമ്പോള്‍ ആണു വല്ല്യാപ്പ വല്ലിപ്പാന്റെ വായില്‍ നിന്നും ഒരു നീളന്‍ മുടി വലിച്ചെടുക്കുന്നത് (റിബ്ബന്‍ വലിച്ചെടുക്കുന്ന മാജിക്ക്പോകാരനെ പോലെ )
:ആമ്യെ ജ്ജ് ന്തിനാ ഞെ ങ്ങനെ സ്നേഹി ക്ക് ണത്"
'അത് ന്തേ'
"അല്ല വറ്റ് കുറവായിപ്പൊ ആ കൊറവ് അന്റെ മുടിയോണ്ട് നികത്താന്‍ ഞാന്‍ പറഞ്ഞോ'
'അള്ളാ അത് സാരല്ല ഞ്ഞ് അതോണ്ട് ങ്ങള് കഞ്ഞി കുടിച്ചാതെ നിക്കല്ലീ"
"ആര് നിര്‍ത്തുണ് അങ്ങനെ നിര്‍ത്തണങ്കില്‍ ഏത് പണ്ടത്തെ കാലം നിര്‍ത്തണം"
ഒരു കാറല്‍ (മൂപ്പവാത്ത) മാങ്ങാ കഷണം കടിക്കുമ്പോള്‍ അതിലെ രുചി പിടിക്കാത്തത് കാരണം വല്ലിപ്പ അത് തിരിച്ചു പാത്രത്തിന്റെ മൂലയില്‍ വെച്ചെപ്പോള്‍ അതെടുത്തു തിന്നു കൊണ്ട് വല്ലിമ്മ ചോദിച്ചു "ഞ്ഞ് പ്പൊ നാളെ കുട്ട്യാള്‍ ഒണരുമ്പോ കൊട്ട പകുതി യായത് കണ്ടാ എന്താവും പട"
"ന്ത് പട അങ്ങനെ വേണങ്കി ഓല് കയറി പറിച്ചോട്ടെ"
"ങ്ങും നാളെ കയറുന്നത് കണ്ടാ ങ്ങളെ ഇപ്പൊ കാണുന്ന സ്വഭാവമാകൂല"
* * * * * * * * * * * * * * * * * *
വല്ലിപ്പക്കും വല്ലിമ്മക്കും ഇടയിലാണ് ഞാന്‍ കിടന്നിരുന്നത്
വല്ലിപ്പ അന്നണെനിക്ക് കൊക്കിനെ പറ്റിച്ച ഞണ്ടിന്റെ കഥ പറഞ്ഞു തന്നത്
കഥ കഴിഞ്ഞതും വല്ലിമ്മ ചോദിച്ചു
അല്ല ങ്ങള് പറഞ്ഞില്ലേ ഉമ്മര്‍ ഹതാബിന്റെ കാലത്ത് ആ നാട്ടില്‍ ആരും പട്ടിണി ക്കാരില്ലാത്ത കഥ ഞമ്മളെ നാട് എന്നാണാവോ അത് പോലെ പട്ടിണില്ലാതെ ഒന്ന് ശ്വാസം വിടുന്നത്
അത് ഞമ്മക്ക് നേരം വെളുത്തു ട്ട് ആലോചിക്ക നേരം നാട്ടപ്പതിരായായി പെലച്ചക്ക് എണീക്കണ്ടേ ഇപ്പൊ ഉറങ്ങാന്‍ നോക്ക്
വല്ലിപ്പ തലക്കുംപുറത്തെ വിളക്ക് ഊതി കെടുത്തി. പുതപ്പ് തലയ്ക്കു മുകളിലൂടെ മൂടി .
നാളെ ആദ്യം ഏത് മാങ്ങ പറിക്കും എന്നതിനെ കുറിച്ച് ചിന്തിക്കുന്നതിനിടയില്‍ ഞാനും മെല്ലെ ഉറക്കിലേക്ക് വഴുതി
------------------------------------------------------------------------------------------------------------
കുന്താണി: -നെല്ല് കുത്താന്‍ ഉപയോഗിച്ചിരുന്ന ഉറലിന്റെ മറ്റൊരു രൂപം
ഓല്‍ക്ക്,അയിറ്റക്ക്: -അവര്‍ക്ക്
ഓള്‍ക്ക് :-അവള്‍ക്കു
ഞ്ഞ് :- ഇനി
ചങ്ങനു:- പൂവന്‍
പയിക്കുന്നുണ്ട്:- വിശക്കുന്നുണ്ട്
ജ്ജ് :- നീ
പലച്ചക്ക്:- റമദാന്‍ മാസത്തില്‍ സുബഹി നമസ്കാരത്തിന് സമയമാകുന്നതിന്നു മുമ്പ് (പ്രഭാത നക്ഷത്രം ഉദിക്കുന്നതിന്നു മുമ്പ്) ഭക്ഷണം കഴിക്കുന്ന സമയം
കടായിക്കല്‍:-പഴയകാലത്തെ മുള കൊണ്ടുള്ള ഗേറ്റ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ