മെയ് മാസത്തിലെ ചുവന്ന പൂവുകള്‍
മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മേയ് മാസ(22nd May 2010) പ്പുലരിയില്‍ മംഗലാപുരം വിമാനത്താവളത്തില്‍ തകര്‍ന്നു വീണ പ്രവാസ സ്വപ്നങ്ങള്‍ക്ക് മുന്നില്‍
ഒരിക്കല്‍ കൂടി ആദരാഞ്ജലി കള്‍ അര്‍പ്പിച്ചുകൊണ്
എന്‍റെ ഈ എളിയ രചന ഞാന്‍ ആ ഹതഭാഗ്യരുടെ പ്രിയപ്പെട്ടവര്‍ക്കായി സമര്‍പ്പിക്കുന്നു
വെള്ളിമെഘങ്ങളെ നിങ്ങള്‍ക്കറിയുമോ മേലേ
വാനിലെങ്ങാനുമെന്നുപ്പയുണ്ടോ
വാരിപുണര്‍ന്നെന്നെ ചുമ്പിച്ചു കൊഞ്ചുന്ന സ്നേഹ
വാരിധിയായോരെന്നുപ്പയുണ്ടോ
മംഗലാപുരത്തേക്കു പാറി വരുന്നോരു
ഭംഗിയേറുന്ന വിമാനമുണ്ടോ
പുന്നാരമോളെ കാണ്മാനായി ഉപ്പ
പുലരിയുണരുമ്പോള്‍ ഈറനോടെ
പൂമോളെ ഉമ്മ വിളിച്ചുണര്‍ത്തി
പൊന്നുമോളല്ലേ എണീക്ക് വേഗം
നിന്നുപ്പയിന്നു വരികയല്ലേ
മോളുടെ ഉപ്പയിന്നെത്തുകില്ലേ
കാലേ കുളിച്ചു ഞാന്‍ കണ്ണുമെഴുതീട്ട്
കണ്ണാടി നോക്കി നിന്ന നേരം
കവിളില്‍ നുള്ളീട്ടു കൊഞ്ചി കുഴഞ്ഞിട്ടു
കണ്ണു മിറുക്കീട്ടുമ്മയോതി
കള്ളി പെണ്ണേ നീ എന്ത് ചൊല്ലും
കണ്‍ മുന്നില്‍ ഉപ്പാനെ കണ്ടീടുമ്പോള്‍
കണ്ടാലോടി ചെന്നീടണം
കണ്ണു നിറയെ കണ്ടീടണം
കവിളില്‍ ഉമ്മകള്‍ നല്കീടെണം
പിന്നെയുംപിന്നെയും ഉമ്മ ചൊല്ലി
ഉപ്പാ വരുന്നൊരു പോരിഷകള്‍
പോന്നുമോള്‍ക്കായി ഉപ്പ വാങ്ങിവച്ച
പൊന്നിന്റെ കമ്മല്‍ അണിഞ്ഞിടേണ്ടേ
പെട്ടിക്കകത്ത് കാത്തിരിപ്പൂ
ചന്തമേറുന്ന കുഞ്ഞുടുപ്പ്
മിന്നും വളകളും മുടി പ്പൂവും
മിട്ടായിയും പിന്നെ കാരക്കയും
പിന്നെ കൂകി പായുന്ന തീവണ്ടിയും
**************************************************
മംഗലാപുരത്തിന്‍റെ മാറിലൂടെ
മിന്നുന്ന വേഗത്തില്‍ കാറ് നീങ്ങി
മാനസം തന്നുടെ സാഗരത്തില്‍
മോഹനയാനങ്ങള്‍ ഉയര്‍ന്നു പൊങ്ങി
മെയ്മാസ പ്പൂമര ചില്ലപോലെ
താഴെയായി വിമാനം കണ്ടനേരം
അമ്മാവന്‍ ചൊന്നു ദുബായ് തന്നെ
ഈ മോളുടെ ഉപ്പാന്റെ വിമാനം തന്നെ
ഇടയ്ക്കിടെ മിന്നല്‍ പറത്തി വിണ്ണില്‍
ഇടവമാസത്തിന്‍ കറുത്ത മേഘം
അഞ്ചാറു മാസ പ്രവാസശേഷം
അണയും മഴ തന്‍ സ്നേഹവിശേഷം
ആരോ വിളിക്കുന്നു ലാന്‍ഡ് ചെയ്തു
ഒരല്പം കൂടി കാത്തു നില്‍ക്കൂ
ചുറ്റി തിരിയും റണ്‍ വേക്ക് ശേഷം മി-
നുറ്റുകള്‍ വേണം ലഗേജെടുക്കാന്‍
ആഗമനമെന്ന ബോര്‍ഡിന്‍ കീഴില്‍
ആകാംക്ഷയോടെ കാത്തിരിക്കെ
ആളുകളെമ്പാടും അക്ഷമരായി
ചില്ല് വാതിലില്‍ മിഴി നട്ടു നില്‍ക്കെ
ആള്‍ക്കൂട്ടമെങ്ങോട്ടോ ഓടീടുന്നു
അപ്പുറം ചോട്ടിലെ കാട്ടിന്നുള്ളില്‍
അടി തെറ്റി വിമാനം വീണുവത്രേ
*************************************************
അറിയില്ല എത്ര മണിക്കൂറുകള്‍
അനന്തമായി ഞങ്ങള്‍ നോക്കി നിന്നു
ആരോ വന്നെന്തോ പറഞ്ഞ നേരം
തറയിലേക്കുമ്മ വീണു പോയി
കരയും കണ്ണുമായി മാമ വന്നു
ഉടനെ ചോദിച്ചു ഞാന്‍ ഉപ്പയെന്തേ
പിറകെ വരുമെന്നോതിയാരോ
കാറും കോളുമായി സൂര്യനന്നു
കാണാതെ പോയങ്ങസ്തമിച്ചു
കരയുന്ന വീട്ടില്‍ രാത്രിയിലും
നിരവധിയാളുകള്‍ സംഘമിച്ചു
തണുത്തുറഞ്ഞൊരു പെട്ടിക്കകത്തെ
വെളുത്ത പുതപ്പല്പം മാറ്റി നോക്കി
കറുത്ത് കരിഞ്ഞൊരു രൂപത്തെ നോക്കി
അടുത്ത് കിടന്നുമ്മ തേങ്ങിടുന്നു
************************************************
ചിരിയെന്നത് ഉമ്മ മറന്നു പോയി
ജീവിത വേനലില്‍ തളര്‍ന്നു പോയി
മോള് ഉണ്ണ് വേഗം വലുതായിടാനായി
നാളെ വരുന്നോരുപ്പക്ക് കാണാന്‍
ഓരോ പുലരിയും ഉണര്‍ന്നിടുമ്പോള്‍ ഓടി
എത്തി ഞാന്‍ ഉമ്മറത്തില്‍ റോഡിലൂപ്പ
വന്നതില്ല വാനിലോ വിമാനം കണ്ടതില്ല
വന്നുമറയുന്നു മുകിലു മാത്രം വെണ്മുകിലു മാത്രം
*******************************************************
നാളെകള്‍ നാളെകള്‍ ഇന്നുകളായി
ഇന്നുകള്‍ പിന്നെയും വന്നുപോയി
കാണാതുപ്പയെ ചോദിക്കുമ്പോള്‍
കണ്ണീരോടുമ്മ കേണീടുന്നൂ
കാലത്തിന്‍ നാഥനാം തമ്പുരാനേ
കരയുവാന്‍ കണ്ണീര്‍ ഇല്ല കോനെ എന്‍
കരളിനെ നീ കാത്തിടണേ
നീലാകാശത്തില്‍ നീന്തും മേഘങ്ങളേ
ചൊല്ലാമോ നിങ്ങളെന്നുപ്പയോടായി
ചേലുള്ള ചേലയും പാവയുമില്ലേലും
മോളടുത്തേക്കൊന്നു വന്നുകൂടെ
കളിക്കോപ്പ് വാങ്ങാന്‍ കാശതില്ലേല്‍
കുഞ്ഞുമോള്‍ക്കൊട്ടുമേ ദണ്ണമില്ല
കുഞ്ഞുടുപ്പും വേണ്ട വേണ്ട
കൈകൊട്ടും പാവകള്‍ ഒന്നും വേണ്ട
കണ്മുന്നില്‍ എന്നെ കാണും നേരം
കുഞ്ഞുമോള്‍ പുഞ്ചിരി തൂകും നേരം
കവിളില്‍ ഉമ്മകള്‍ നല്കുകില്ലേ
ആ താരാട്ടു പാട്ടൊന്നു കേള്‍ക്കുവാനായി
തീരാത്ത ദാഹമാണെന്റെയുള്ളില്‍
ആ താളത്തില്‍ തോളത്തു മയങ്ങുവാനായി
തോരാത്ത മോഹമാണെന്റെയുള്ളില്‍
നീലാകാശത്തില്‍ നീന്തും മേഘങ്ങളേ
ചൊല്ലാമോ നിങ്ങളെന്നുപ്പയോടായി
ചേലുള്ള ചേലയും പാവയുമില്ലേലും
മോളടുത്തേക്കൊന്നു വന്നുകൂടെ
ചാരെ നിറുത്തി കഥയും പറഞ്ഞിട്ട്
എന്നെ കോരിയെടുത്തു കളിച്ചു കൂടേ
ഈമോളോടൊന്നു ചിരിച്ചു കൂടേ
ഈമോളോടൊന്നു ചിരിച്ചു കൂടേ

