12.21.2013

ചവറ്റുകൊട്ടയിലെ ജന്മങ്ങള്‍

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മ
കുന്ത്രാണ്ടങ്ങളൊന്നുമേ നേരേ വളര്‍ന്നതില്ല
ഒന്നാമന്‍ അച്ഛന്റെ പാത പറ്റി
ഒന്നാം നമ്പര്‍ കുടിയനായി

കണ്ട പെണ്‍കേസ്സിലൊക്കെ പെരുകേറ്റി
കണ്ടകശനിയില്‍ പിറന്ന കോന്തന്‍
തണ്ടും തടിയും എമ്പാടുമുള്ള
രണ്ടാമന്‍ അവനൊരു പിടിയനായി

മൂന്നാമന്‍റെ മുന്നില്‍ പെട്ടുപോയാല്‍
മൂര്‍ഖന്നു പോലും രക്ഷയില്ല
മൂന്ന് നിമിഷം കൊണ്ട് മൂപ്പര്‍
മുച്ചൂടും വില്‍ക്കുന്ന മുടിയനായി

നാലാമന്‍ നാട്ടില്‍ പേരുകേട്ട
വില്ലനാം താനെന്നു പേരുമിട്ടു
കോലിന്റെ മുന്നിലെ ചെണ്ടപോലെ
തല്ലുകൊള്ളിയാം ഇടിയനായി

അഞ്ചാമന്‍ കഞ്ചാവ് വലിച്ചു കേറ്റി
അലഞ്ഞു നടക്കും പൊടിയനായി
ആറാമന്‍ കാറുകള്‍ കട്ടെടുത്ത്
മറയത്ത് മുങ്ങുന്ന ഒടിയനായി

ഏഴാമന്‍ പെണ്ണിന്‍റെ ഗുണഗണങ്ങള്‍
മുഴുവനായുള്ള മഹിളനായി
ഒഴിവിന്റെ വേളകള്‍  കുളക്കടവില്‍
അഴുക്കലക്കുന്ന എടിയനായി

എട്ടാമന്‍ പൊറോട്ട തിന്നു തിന്നു
മുട്ടയും പുട്ടും പഴവും പിന്നെ
മാട്ടിറച്ചിയും  വലിച്ചു കേറ്റി കിടക്കും
കട്ടിലു പൊട്ടിക്കും തടിയനായി

ഒമ്പതാമത്തെ വമ്പനാണേല്‍
കൊമ്പൊന്നു മൂത്താല്‍ ചന്ദനവും
മുമ്പിന്നു പോലും മുറിച്ചെടുക്കും
അമ്പോ ആളുകള്‍ക്കവന്‍ കടിയനായി

പത്താമന്‍ ഒത്തിരി കാലമായി
പാത്തും പതുങ്ങിയും കേറിവന്നു
അടുപ്പത്തിരിക്കും ചോറു തിന്നു
പണിയെടുക്കാത്ത മടിയനായി

പതിനൊന്നാമന്‍ പാതിരാത്രി 
പുതുമാരന്റെ വീട്ടില്‍ ഫോണ്‍ വിളിച്ചു
പേടിപ്പെടുത്തും കഥകള്‍ ചൊല്ലി
കോളുമുടക്കും വടിയനായി

പന്ത്രണ്ടാം സന്തതി ചന്തയില്‍ കൊണ്ടുപോയി
നൊന്തുപെറ്റുള്ള  പെറ്റമ്മയെ  ചവറ്റു-
കൊട്ടയില്‍  ചാക്കിലിട്ടു, ചുറ്റിലും നോക്കി 
മടങ്ങിയപ്പോള്‍  ക്രൂരനായൊരു കൊടിയനായി



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ