12.15.2013

നിതാഖാത്


അടച്ചിട്ട വീട്ടകത്തു പിടിച്ചിട്ട പക്ഷിപോലെ
അടിച്ചു തുടച്ചുമിട്ടു അഴുക്കുടുപ്പലക്കിയിട്ട്
പാതിരാവില്‍ ക്ഷീണിതയായുറങ്ങുമ്പോള്‍
കാലിലെന്തോ അരിക്കുന്നു കൈവിരല്‍ പോലെ

ആഞ്ഞു തൊഴിച്ചു ഞാനാ രൂപത്തിന്‍ മേലെ
കുനിഞ്ഞോരാ മുഖം കണ്ടു ഞാന്‍ ഞെട്ടി അതിലേറെ
പെട്ടിയുമെടുത്തു മുറി പുറത്തേക്കു പൂട്ടിയിട്ടു
റോഡിലേക്കോടി ഞാന്‍ നേരെ

മഞ്ഞ് വീഴുമാ രാവിലും മനസ്സിന്‍ ഭീതിയാല്‍
നനഞ്ഞു വിയര്‍പ്പിനാല്‍ കരഞ്ഞു ഞാന്‍ മൂകമായി
കുഴഞ്ഞൊന്നുവീണ നേരം കരങ്ങളാല്‍ താങ്ങിയെന്നെ
മഞ്ഞു പോലേതോ കുഞ്ഞ് പെണ്‍കൊടികള്‍

തിരിഞ്ഞില്ല ഭാഷയും  പറഞ്ഞില്ല ദേശവും  അലിഞ്ഞു
ഞാനാ അലിവിന്‍ മൂശയില്‍ കരുണ തന്നുടെ ഭാഷയില്‍
ധനുമാസപകുതിയില്‍  പൂര്‍ണ്ണതിങ്കള്‍ നെറുകയില്‍
പുഞ്ചിരിക്കും വേളയില്‍ തൂമഞ്ഞു വീഴും സന്ധ്യയില്‍
കടന്നുവന്നൊരാഗതന്‍ പറഞ്ഞിടുന്നു മന്ത്രമായി
കൂടെ വന്നു തുഴയുമോ ജീവിതത്തില്‍ തോണിയില്‍  
തുടര്‍ന്നുരിയാടിയാ വിടര്‍ന്ന വദനം ബാലിയില്‍ ആണു  വീട്
സുനാമി കേറിയ നാട് സ്നേഹം മാത്രമാണെന്‍ ഈട്‌.
സുന്ദരമായിരുന്നെന്‍ ദിനരാത്രങ്ങള്‍ ഓരോന്നും പിന്നീട്
സുകൃതമായി സൃഷ്ടാവ് നിന്നെ നല്‍കിയെതില്‍ പിന്നെയീ വീട്
സപ്തവര്‍ണ്ണങ്ങള്‍ നൃത്തമാടുന്ന മേടായി മധുവൂറുന്ന മലര്‍വാടി 
സര്‍വ്വൈശ്വര്യങ്ങളും കളിയാടുന്ന സ്വര്‍ഗ്ഗമായി

സര്‍വ്വേശ്വരന്‍ തന്നുടെ പരീക്ഷണം അതിന്‍മുന്നില്‍
സര്‍വ്വ നിരീക്ഷണങ്ങളും തകരുന്നു തല്‍ക്ഷണം
നിസ്സഹായനാം മനിതമോഹങ്ങളല്ലോ വിധിയുടെ ഭക്ഷണം
നിതാഖാത് എന്നൊരു പുതിയ നിയമം വന്നൂ തല്‍ക്ഷണം

ഒഴിവു കഴിഞ്ഞു ചെന്ന നിന്‍  പിതാവിനോട്
പിരിഞ്ഞു പോകാന്‍ മൊഴിഞ്ഞു മുതലാളി
പറന്നു പോകാന്‍ കുറിമാനം നിനക്കുമവര്‍ നല്‍കി
പറഞ്ഞെതു കേട്ട് എന്‍ മനസ്സിലോ തീയാളി

പാപിയാം എനിക്കില്ല മാര്‍ഗ്ഗമൊന്നും പറക്കുവാന്‍
ഹൃദയവും തകര്‍ന്നീ ഹുറൂബിന്‍റെ കെണിയില്‍ ഞാന്‍  
ഒരു തുണയില്ലാതീ മരുക്കാട്ടില്‍ നരകിക്കുമോ
അറിയില്ല നാളെയെന്റെ വിധിയുടെ വഴികളെവിടെക്കെന്നു

പുലരിയിന്നു വിടര്‍ന്നാല്‍ പിരിയും നീയും പിതാവും
പിന്നെ ഈ ഉലകില്‍ ഞാന്‍ ഏക മരീചിക തേടുന്ന പഥിക
ഉരുകിത്തീരട്ടെ ഞാനീ മരുഭൂമിയുടെ കത്തുന്ന വെയിലില്‍
ഒഴുകിയെത്തും കാറ്റെന്നെ മറമാടുമീ മണല്‍കൂനകളില്‍ 
തുടരും ... ...............................
ആദ്യഭാഗങ്ങള്‍ വായിക്കാന്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ