10.31.2013

പൊരുത്തിനു വെച്ച മുട്ടകള്‍

          അടുക്കളയിലെ സാധനങ്ങള്‍ സൂക്ഷിക്കുന്ന  മഞ്ച തുറന്നു നോക്കി,പഴങ്ങള്‍  ഒന്നും കാണുന്നില്ല.അടുക്കളയിലെ അലമാരി മുഴുവന്‍ തപ്പി ഒരു തേങ്ങ പൂള് പോലും കാണാനില്ല. തനിക്കാനെങ്കില്‍ തേങ്ങ പൊളിക്കാനും അറിയില്ല,.എങ്ങനെ തേങ്ങ പൊതിക്കാന്‍ പഠിക്കാ.പിടിമ്മല്‍ തോടുംപഴെക്ക് ഉമ്മാന്റെ വിലക്ക് വരും “യ്യാ പിക്കാസ് അവിടെ വെക്കാ അനക്ക്‌ നല്ലത്” “അത് മേത്ത് തട്ടിയാ വല്യ സുഖന്നും ണ്ടാവില്”
ഇനിയെങ്ങാനും .പറഞ്ഞത് കേള്‍ക്കാതെ എടുക്കാന്‍ നിന്നാലോ
“റഷീദേ അടി കിട്ടണോ, ആമിനക്കുട്ട്യെ ആ ചൂരല് ങ്ങട്ട് ട്താ”
അവളാണെങ്കി മ്മാന്‍റെ ഓഡര്‍ കിട്ടാന്‍ കാത്ത് നിക്ക്വാ
ന്‍റെ റബ്ബേ, ഇന്ന് പ്പൊ നാസറിന് സമ്മാനം ഒന്നും ഇല്ലാതെ സ്കൂളില്‍ പോകണ്ടി വരും
സ്കൂളില്‍ ചേര്‍ന്നിട്ട് അഞ്ചാറു മാസം ആയി ഇന്ന് വരെ നാസറിന് എന്തെങ്കിലും കൊണ്ട് പോകാതെ ഞാന്‍ സ്കൂള്‍ പോയിട്ടില്ല.
അവന്‍ ആണെങ്കി ഇന്ന് നാടന്‍ മാങ്ങ കൊണ്ട് വരാന്നും പറഞ്ഞിട്ടുണ്ട്.
തപ്പി തപ്പി നടക്കുമ്പോഴാണ് കോട്ടയിലുള്ള പൊരുത്തിക്കോഴി ഒന്ന് കാറിയത്.അപ്പോഴാണ്‌ ബുദ്ധി തലയിലേക്ക് വന്നത്.
സഞ്ചിയില്‍ നിന്നു കുറച്ചു അരി വാരി നിലത്തിട്ടപ്പോള്‍ കോഴി കോട്ടയില്‍ നിന്നും ഇറങ്ങി ഓടി വന്നു.
വേഗം ചെന്ന് രണ്ടു മുട്ട എടുത്ത് ട്രൌസറിന്‍റെ  കീശയിലിട്ടു.
തെന്തു ചൂട് കോഴി എന്താ മുട്ടന്റെ മോളില്‍ ഇസ്തിരി ഇട്ടോ,
അട വെച്ചിട്ട് എന്തായാലും പത്തു ദിവസമെങ്കിലും ആയിക്കാണും.
*    *  *  *  *  *  *  *  *  *
കുറച്ചു ദിവസമായി  ക്ലാസില്‍ പഠിപ്പിക്കുന്നത് ഒരു താല്‍ക്കാലിക ടീച്ചര്‍ ആണ്.
‘ടി ടി സി ടീച്ചര്‍മാര് പഠിപ്പിക്കല്‍ പഠിക്കാന്‍ വരുന്നതാണ്’ എന്നാണു താത്ത പറഞ്ഞത്.
താത്ത യു പി കുട്ട്യാള്‍ക്ക് മാത്രേ ക്ലാസ് എടുക്കൂ.
ഇന്ന് മുതല്‍ താത്തയും ഏതോ ട്രെയിനിങ്ങിനു പോയിരിക്കയാണ്‌.
ഏറണാംകുളത്തില്‍ ആണത്രേ അത് രാവിലെ സുബഹിക്ക് പോയിട്ടുണ്ട്.
ടീച്ചര്‍ ക്ലാസ് എടുക്കാന്‍ തുടങ്ങി.
ബോര്‍ഡില്‍ എഴുതിയത് വായിപ്പിക്കയാണ്.
 നാരായണന്‍ കുട്ടിക്ക് ശേഷം എന്‍റെ ഊഴമായി,
 ഉറി എന്നഴുതി അത് വായിക്കാനാണ് ടീച്ചര്‍ പറഞ്ഞത്
“.ഉറി”
ഞാന്‍ വായിച്ചപ്പോള്‍ ടീച്ചര്‍ക്ക് എന്നോട് ഇഷ്ടായി.
“റഷീദ് നല്ല കുട്ടിയാണല്ലോ”
“ശരി ഇനി ഇരുന്നോളൂ”
ഞാന്‍ സന്തോഷത്തോടെ ബെഞ്ചില്‍ ഇരുന്നു
പെട്ടന്നാണ് അത് സംഭവിച്ചത്.
കീശയില്‍ നിന്നും ഒരു ചെറിയ ഒച്ച
ന്‍റെ റബ്ബേ  ഞാന്‍ കരയാന്‍ തുടങ്ങിയപ്പോള്‍ കുട്ടികള്‍ ടീച്ചറെ വിളിച്ചു
“ടീച്ചറെ റഷീദ് എന്തിനാണാവോ കരയ്ണ്”
“എന്താ എന്ത് പറ്റി ഞാന്‍ റഷീദ് നല്ല കുട്ട്യാണ്‌ എന്നല്ലേ പറഞ്ഞത്.”
‘അതല്ല ടീച്ചര്‍’
“ങ് പിന്നെന്താ”
“ന്‍റെ രണ്ടു മുട്ടേം”
“ന്‍റെ രണ്ടു മുട്ടേം പൊട്ടി ടീച്ചറേ”
ങേ ഒന്ന് എണീറ്റ്‌ നിന്നേ’”
എന്‍റെ ട്ര്വസറിനു അടിയിലൂടെ ചുവപ്പും വെളുപ്പും മഞ്ഞയും കലര്‍ന്ന നിറത്തില്‍ അത് താഴോട്ട് ഒലിച്ചിറങ്ങി തുടങ്ങി
ടീച്ചര്‍ ആകെ പേടിച്ചു
അവരുടെ ജീവിതത്തില്‍ ഇങ്ങനെ ഒരനുഭവം ആദ്യത്തേതാണ്.
അവരുടെ വിരലുകള്‍  എന്നെ പിടിക്കുമ്പോഴും കിടുകിടാ വിറക്കുന്നുണ്ടായിരുന്നു.
പിന്നെ അവര്‍ അപ്പുറത്തെ ബില്‍ഡിങ്ങില്‍ ഉള്ള ക്ലാസില്‍ പഠിപ്പിക്കുന്ന അറബി മാഷേ അടുത്തേക്ക് ഒരോട്ടമായിരുന്നു.
ക്ലാസിലെ കുട്ടികള്‍ എനിക്ക് ചുറ്റും കൂടി
“ഇനി അവനെ ആസ്പത്രിയില്‍ കൊണ്ട് പോയി സൂചി അടിക്കും”
സുബൈര്‍ അലവിയോടു പറഞ്ഞു 
“ഹും ആ സൂചിന്റെ വേദന ആലോചിക്കാനേ വയ്യ “
അലവിക്ക് അത് കേട്ടപ്പോ തന്നെ പേടി തോന്നി
“നീ മ്മക്ക് ഇരിക്കുമ്പോ ശ്രദ്ധിച്ചിരിക്കണം”
എല്ലാ ആണ്‍കുട്ടികളും അത് കേട്ടു മൂളി
പെണ്‍കുട്ടികള്‍ ആകട്ടെ അന്തം വിട്ടു നിക്കയായിരുന്നു
കളിക്കുമ്പോ  കുട്ടിമ്മക്ക് എറിഞ്ഞ കോല് പോലെ ടീച്ചര്‍ അങ്ങോട്ട്‌ പോയതിനേക്കാള്‍ സ്പീഡില്‍ തിരിച്ചു വന്നു.
ഒപ്പം അറബിമാഷും
“എവിടെ”
 അറബി മാഷ്‌ തിരക്കി
മാഷ് എന്റെ കാലിലൂടെ ഒലിച്ചിറങ്ങിയ മുട്ടയിലെക്ക് തന്നെ നോക്കി
“എങ്ങനെ പറ്റിയെ”
‘ഞാന്‍ ഇരുന്നപ്പോ’
“വേദന ണ്ടോ”
“സമ്മാനം പോയ വേദന’
പെട്ടന്ന് മാഷ്‌ എന്‍റെ ട്രൌസര്‍ ഊരാനെന്നോണം  കയ്യ് ട്രൌസറിന്റെ ബട്ടന്സില്‍  വെച്ചു
‘അവിടല്ലാ മാഷേ  ഇവിടെ ഈ കീശയിലാ’
ഞാന്‍ കീശയില്‍ നിന്നും മുട്ടത്തോ ല്‍ കയ്യില്‍ എടുത്തു കാണിച്ചു കൊടുത്തു
ആ തോല് കണ്ടപ്പോ എന്റെ സങ്കടം വര്‍ദ്ധിച്ചു
ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി …..

10.29.2013

പുതിയ ജോലിക്കാരന്‍

അറബി നാട്ടില്‍ നിന്നാണ് കോണ്‍ട്രാക്റ്റിംഗ് കമ്പനി ജോലിക്കാരനെ കൊണ്ട് വരുന്നത്  മനസ്സിന് ആധിയായിരുന്നു
പക്ഷെ ആളെ കണ്ടപ്പോള്‍ പകുതി സമാധാനമായി
തന്റെ മുന്നില്‍ ഭവ്യതയോടെ നില്‍ക്കുന്ന അറബിയോട്  ഇരിക്കാന്‍ ആംഗ്യം കാണിച്ചു.ഇപ്പോ ഉള്ള ആകെ ഒരു പ്രശനം അറബിക്ക് മലയാളം ഒട്ടും അറിയില്ല എന്നതാണ് എന്ന് വെച്ചാ എനിക്ക് അറബി അറിയുന്ന അത്ര പോലും അറിയില്ല.നല്ല വൃത്തിയില്‍ നിലം തുടച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് ചായ ഉണ്ടാക്കുന്ന  റൂം കാണിച്ചു കൊടുത്തു
"ശൂഫ് ഹാദാ ബൂഫിയ ഹാദാ ശക്കര്‍ ഹാദാ ശായി ഹാദാ ഹലീബ്"
"ത്വയ്യിബ് ദഹന്‍  തബ്അ ശായി" അയാള്‍ ആദരവോടെ ചോദിച്ചു

"ലാ ബഇദൈന്‍ മാലിഷ് അന നസീത്  യഷ് ഇസ്മക് അന്‍താ"
"അബ്ദുല്‍അസീസ്‌"അബ്ദുല്‍ അസീസ്‌ നല്ല ജോലിക്കാരന്‍ തന്നെ എന്ന് തെളിയിക്കുന്നതിനായി ഓരോ ദിവസവും
നല്ല വിധത്തില്‍ അദ്ധ്വാനിച്ചു കൊണ്ടിരുന്നു
*  *  *  *  *  *  *  *  *  *  *

ഇപ്പൊ ഞാനും സുലൈമാനും അബ്ദുല്‍ അസീസ്‌ എന്ന അറബിയും രാഘവനും കൂടി നാലാളായി ഞങ്ങളെ ഓഫീസില്‍.ങാ ഇപ്പോഴാണ് ഓര്‍ത്തത്
സുലൈമാനെ ന്നാ ഇത് ഒന്ന് ഈ മെയില്‍ ചെയ്താഞാന്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോഴേക്കും അബ്ദുല്‍ അസീസ്‌ കയ്യില്‍ ഒരു കപ്പും സാസറുമായി എത്തി"ങ്ങ്" ഒന്നും മനസ്സിലാവാത്ത എന്റെ നോട്ടം കണ്ടു അയാള്‍ പതുക്കെ മൊഴിഞ്ഞു"സുലൈമാനി"
പണ്ട് ഇത് പോലെ  താന്‍ പെട്ട  പാട് ഓര്‍ത്ത് മിണ്ടാതിരുന്നു
അന്ന് ഒരു പള്ളിയിലെ ക്ലീനിംഗ് ജോലിക്കാരനായി ജോലിക്ക് കേറിയതായിരുന്നുരാവിലെ ഒരു വട്ടം തുടച്ചു കഴിയുമ്പോ ഇമാം പറയും "മിയ മിയ" അതും പറഞ്ഞു അയാള്‍ പോകും
ഞാന്‍ വീണ്ടും തുടയ്ക്കും അപ്പോള്‍ മൊല്ലാക്ക വരും
"അന്ത ശുഉല്‍ മിയ മിയ"
ഞാന്‍ വീണ്ടും തുടയ്ക്കും ഇമാം തിരിച്ചു വരുമ്പോഴും ഞാന്‍ തുടച്ചു കൊണ്ടിരിക്കയായിരിക്കും
"വള്ളാഹി  അന്ത നഫര്‍ കോഴ്സ് മിയ മിയ"അയാള്‍ പോയി കഴിയുമ്പോ ഞാന്‍ അടുത്ത റൗണ്ട് തുടയ്ക്കും
മൂന്നു മാസം കഴിഞ്ഞാണ് മിയ മിയ എന്നാല്‍ ഉഷാര്‍ ആയിട്ടുണ്ട്‌ എന്നാണു അര്‍ഥം എന്നെനിക്ക് മനസ്സിലായത്.അന്ന് ഒരറബിയുടെ ഡ്രൈവറായ നജീബ് എന്ന മലയാളിയാണ് ആ അര്‍ഥം എനിക്ക് പറഞ്ഞു തന്നത്.  അത്രയും കാലം ഞാന്‍ എന്നും ഒരായിരം പ്രാവശ്യം മോല്ലാക്കയെയും ഇമാമിനെയും പ്രാകി കിട്ടുന്ന തെറികളൊക്കെ പള്ളിക്ക് മുന്നിലെ തൂണിനെ അവരായി സങ്കല്‍പ്പിച്ചു വിളിച്ചു. കാരണം ഞാന്‍ കരുതിയത് മിയ മിയ എന്നാല്‍ വീണ്ടും ചെയ്യ്‌ എന്നാണ് അര്‍ഥം എന്നായിരുന്നു. പിന്നെ ഓരോ ദിവസവും ഞാന്‍ അള്ളാനോട് കരഞ്ഞു പറയുകയായിരുന്നു. പാവം ഇമാമിനെയും മോല്ലാക്കയെയും വിളിച്ച തെറികള്‍ എന്നെ കൊണ്ട് അവരെ വിളിപ്പിചിട്ട് ആയാലും അതിനൊക്കെ എനിക്ക് മാപ്പ് നല്‍കണേ എന്ന്.
*  *  *  *  *  *  *  *  *  *  *  *  ഏതായാലും സുലൈമാനി കിട്ടിയതല്ലേ വീട്ടില്‍ നിന്നും കൊണ്ട് വന്ന വാട്ട കപ്പ വറുവിട്ടത് കൂട്ടി കുടിക്കാം
രണ്ടു കഷ്ണം സ്പൂണ്‍ കൊണ്ട് കോരി ഇട്ടു.
ഹോ ഈ വാട്ട കപ്പ കൈപ്പാ ഞാന്‍ അറിയാതെ അല്പം ഉച്ചത്തില്‍ പറഞ്ഞു പോയി അത് കേട്ട അബ്ദുല്‍ അസീസ്‌ ഓടി വന്നു പറഞ്ഞു
തയ്യിബ് യാ സയ്യിദ്
പടച്ചോനെ ഇവന് കപ്പയെ കുറിച്ച് എന്താ അറിയാ
അപ്പോഴാണ്‌ അവന്‍ കമ്പ്യൂട്ടര്‍ തുറന്നു എന്നെ വിളിച്ചത്  ഫധല്‍ ഹിന മൌജൂദ്‌
ഞാന്‍ കംപുട്ടരിലേക്ക് നോക്കി. വാട്ട്സ് അപ്പും സ്കയ്പ്പും  ചൂണ്ടി കാണിച്ചു നില്‍ക്കുകയാണ് അബ്ദുല്‍ അസീസ്‌ സഹിക്ക തന്നെ ഇനിയിപ്പോ എന്തെല്ലാം കാണാനിരിക്കുന്നു പടച്ചോനെ *  *  *  *  *  *  *  *  *  *  *  *
അങ്ങനെ എന്തെങ്കിലും കണ്ടാ ഞാന്‍ മറ്റന്നാള്‍ നിങ്ങളോട് പറയാം  


10.15.2013

പുതുമഴയുടെ ആരവങ്ങള്‍

പുതുമഴയുടെ ആരവങ്ങള്‍ 


തെക്കു നിന്നൊരു സൈന്യവിളമ്പരം പോലെ
കേള്‍ക്കുന്നു മഴ തന്‍ ഇരമ്പലിന്‍ നാദം
കറുത്ത് കിടക്കും മാനത്ത് നിന്നും
നിലത്തെ വിറപ്പിച്ചോരിടിവാളു മിന്നി

ഹൃദയം നടുക്കും പെരുമ്പറ മുഴക്കി  
രൗദ്രമായെത്തി മേഘദുംധുഭിനാദം
സ്നേഹരൂപം  പൂണ്ടോരാലിലകളില്‍  
താളമടിക്കുന്നിതാ തുള്ളിക്കുടങ്ങള്‍

ആഹ്ലാദ ഗീതങ്ങള്‍ പാടുന്ന കാറ്റില്‍
ഉദിക്കുമാദിത്യ കിരണങ്ങള്‍ ഏറ്റു
ആയിരം വൈരങ്ങള്‍ ഒന്നിച്ചുതിര്‍ത്തു  
ആനന്ദ നടനമാടുന്നു വര്‍ഷം

പെയ്യുന്നിതാ മഴ ഭൂവിന്നു കുളിരായി
പാടുന്നിതാ തെന്നല്‍ പുതു സ്വപ്നഗീതം
പവിഴമായി വീഴുന്നോരാലിപ്പഴങ്ങള്‍
പെറുക്കുവാന്‍ വരികയെന്‍ കൂട്ടുകാരെ

ഈണത്തില്‍ പാടാന്‍ ആടുന്നു മുളകള്‍
അലിയട്ടെ ഞാനീ സ്വപ്നത്തിലിന്നു
അഴകെഴും വെള്ളിക്കൊലുസ്സുകളായി
ഒഴുകുന്നരുവികള്‍ ഊഴിയില്‍ നീളെ

വിണ്ടു കിടക്കും  പാടത്തിലെങ്ങും
വെള്ളം നിറഞ്ഞൊഴുകുന്നു ചേലില്‍  
തുള്ളികളിച്ചും ചാടിതിമര്‍ത്തും  
ഊളിയിട്ടെത്തുന്നു മീനുകള്‍ നീളെ

കുറുമ്പുകാരി തൊട്ടാവാടി മാത്രം
കണ്ണുമടച്ചു കിടക്കുന്നു മണ്ണില്‍
കുഞായുസ്സുള്ളോരു  ഈയലുകളെങ്ങും
ചിറകുമടിച്ചു പറക്കുന്നു വിണ്ണില്‍

എത്രയും ശുഷ്കമാം ആയുസ്സിതെങ്കിലും
ഇത്രയും മോഹന കാഴ്ചകള്‍ കാണുവാന്‍  
നേത്രങ്ങളെന്നുടെ ഗാത്രത്തിലേകിയ ശക്തിയെ
നമ്രശിരസ്കനായി  നമിക്കട്ടെ ഞാനും  

10.03.2013

ഒരു പനിനീര്‍ പൂവിന്‍റെ ഓര്‍മയ്ക്ക്


ഒരു പനിനീര്‍ പൂവിന്‍റെ ഓര്‍മയ്ക്ക്





ആകാശ മുറ്റത്ത്‌ സന്ധ്യ വിതറിയ
ചെഞ്ചായ വര്‍ണ്ണങ്ങള്‍ തൂത്തു മാറ്റി
വെന്മയാല്‍ പുത്തന്‍ കുമ്മായം പൂശുന്നു
പൗര്‍ണമിരാവിന്‍ ചന്ദ്രബിംബം 

അന്നാ രാവിന്റെ വാതില്‍ തുറക്കവേ
വന്നു നീ ഞങ്ങളില്‍ ഒന്നിച്ചു ചേരുവാന്‍
എത്രയോ സന്ധ്യകള്‍ സൗഹൃദചിത്രങ്ങള്‍
ഓര്‍മ്മ തന്‍ ചുവരില്‍ നാം പതിച്ചു വെച്ചു

മൃദുലമാം ഇതളുകള്‍ ആക്കി നാം രജനി തന്‍
ഇരുളിനെ  പൂക്കള്‍ നിറഞ്ഞൊരു മഞ്ചമാക്കി 
നമ്മളന്നറിഞ്ഞു  മനസ്സുകള്‍  ഒന്നെന്നറിഞ്ഞു
വിങ്ങിയ  ദുഃഖങ്ങള്‍ അതില്‍ വീണലിഞ്ഞു

ഹൃദയങ്ങള്‍ തുറന്നു നാം ശോകം മറക്കുവാന്‍
വ്യസനങ്ങള്‍ മറന്നു പുതു ലോകം ചമക്കുവാന്‍
അപരന്‍റെ അധരങ്ങളില്‍ നിന്നുതിരുന്ന വാക്കുകള്‍
എരിയുന്ന മനസ്സിന്നു  മധുവാം മരുന്നായി  

എന്നിട്ടുമെന്തേ എല്ലാം മറന്ന പോല്‍  
കണ്ണീരു നല്‍കി നീ യാത്രയായി
കതിരിടും മുമ്പേ പൊഴിയുവാന്‍ എന്‍
ഖല്‍ബില്‍ പൂവായി വിടര്‍ന്നതെന്തിനു നീ