10.31.2013

പൊരുത്തിനു വെച്ച മുട്ടകള്‍

          അടുക്കളയിലെ സാധനങ്ങള്‍ സൂക്ഷിക്കുന്ന  മഞ്ച തുറന്നു നോക്കി,പഴങ്ങള്‍  ഒന്നും കാണുന്നില്ല.അടുക്കളയിലെ അലമാരി മുഴുവന്‍ തപ്പി ഒരു തേങ്ങ പൂള് പോലും കാണാനില്ല. തനിക്കാനെങ്കില്‍ തേങ്ങ പൊളിക്കാനും അറിയില്ല,.എങ്ങനെ തേങ്ങ പൊതിക്കാന്‍ പഠിക്കാ.പിടിമ്മല്‍ തോടുംപഴെക്ക് ഉമ്മാന്റെ വിലക്ക് വരും “യ്യാ പിക്കാസ് അവിടെ വെക്കാ അനക്ക്‌ നല്ലത്” “അത് മേത്ത് തട്ടിയാ വല്യ സുഖന്നും ണ്ടാവില്”
ഇനിയെങ്ങാനും .പറഞ്ഞത് കേള്‍ക്കാതെ എടുക്കാന്‍ നിന്നാലോ
“റഷീദേ അടി കിട്ടണോ, ആമിനക്കുട്ട്യെ ആ ചൂരല് ങ്ങട്ട് ട്താ”
അവളാണെങ്കി മ്മാന്‍റെ ഓഡര്‍ കിട്ടാന്‍ കാത്ത് നിക്ക്വാ
ന്‍റെ റബ്ബേ, ഇന്ന് പ്പൊ നാസറിന് സമ്മാനം ഒന്നും ഇല്ലാതെ സ്കൂളില്‍ പോകണ്ടി വരും
സ്കൂളില്‍ ചേര്‍ന്നിട്ട് അഞ്ചാറു മാസം ആയി ഇന്ന് വരെ നാസറിന് എന്തെങ്കിലും കൊണ്ട് പോകാതെ ഞാന്‍ സ്കൂള്‍ പോയിട്ടില്ല.
അവന്‍ ആണെങ്കി ഇന്ന് നാടന്‍ മാങ്ങ കൊണ്ട് വരാന്നും പറഞ്ഞിട്ടുണ്ട്.
തപ്പി തപ്പി നടക്കുമ്പോഴാണ് കോട്ടയിലുള്ള പൊരുത്തിക്കോഴി ഒന്ന് കാറിയത്.അപ്പോഴാണ്‌ ബുദ്ധി തലയിലേക്ക് വന്നത്.
സഞ്ചിയില്‍ നിന്നു കുറച്ചു അരി വാരി നിലത്തിട്ടപ്പോള്‍ കോഴി കോട്ടയില്‍ നിന്നും ഇറങ്ങി ഓടി വന്നു.
വേഗം ചെന്ന് രണ്ടു മുട്ട എടുത്ത് ട്രൌസറിന്‍റെ  കീശയിലിട്ടു.
തെന്തു ചൂട് കോഴി എന്താ മുട്ടന്റെ മോളില്‍ ഇസ്തിരി ഇട്ടോ,
അട വെച്ചിട്ട് എന്തായാലും പത്തു ദിവസമെങ്കിലും ആയിക്കാണും.
*    *  *  *  *  *  *  *  *  *
കുറച്ചു ദിവസമായി  ക്ലാസില്‍ പഠിപ്പിക്കുന്നത് ഒരു താല്‍ക്കാലിക ടീച്ചര്‍ ആണ്.
‘ടി ടി സി ടീച്ചര്‍മാര് പഠിപ്പിക്കല്‍ പഠിക്കാന്‍ വരുന്നതാണ്’ എന്നാണു താത്ത പറഞ്ഞത്.
താത്ത യു പി കുട്ട്യാള്‍ക്ക് മാത്രേ ക്ലാസ് എടുക്കൂ.
ഇന്ന് മുതല്‍ താത്തയും ഏതോ ട്രെയിനിങ്ങിനു പോയിരിക്കയാണ്‌.
ഏറണാംകുളത്തില്‍ ആണത്രേ അത് രാവിലെ സുബഹിക്ക് പോയിട്ടുണ്ട്.
ടീച്ചര്‍ ക്ലാസ് എടുക്കാന്‍ തുടങ്ങി.
ബോര്‍ഡില്‍ എഴുതിയത് വായിപ്പിക്കയാണ്.
 നാരായണന്‍ കുട്ടിക്ക് ശേഷം എന്‍റെ ഊഴമായി,
 ഉറി എന്നഴുതി അത് വായിക്കാനാണ് ടീച്ചര്‍ പറഞ്ഞത്
“.ഉറി”
ഞാന്‍ വായിച്ചപ്പോള്‍ ടീച്ചര്‍ക്ക് എന്നോട് ഇഷ്ടായി.
“റഷീദ് നല്ല കുട്ടിയാണല്ലോ”
“ശരി ഇനി ഇരുന്നോളൂ”
ഞാന്‍ സന്തോഷത്തോടെ ബെഞ്ചില്‍ ഇരുന്നു
പെട്ടന്നാണ് അത് സംഭവിച്ചത്.
കീശയില്‍ നിന്നും ഒരു ചെറിയ ഒച്ച
ന്‍റെ റബ്ബേ  ഞാന്‍ കരയാന്‍ തുടങ്ങിയപ്പോള്‍ കുട്ടികള്‍ ടീച്ചറെ വിളിച്ചു
“ടീച്ചറെ റഷീദ് എന്തിനാണാവോ കരയ്ണ്”
“എന്താ എന്ത് പറ്റി ഞാന്‍ റഷീദ് നല്ല കുട്ട്യാണ്‌ എന്നല്ലേ പറഞ്ഞത്.”
‘അതല്ല ടീച്ചര്‍’
“ങ് പിന്നെന്താ”
“ന്‍റെ രണ്ടു മുട്ടേം”
“ന്‍റെ രണ്ടു മുട്ടേം പൊട്ടി ടീച്ചറേ”
ങേ ഒന്ന് എണീറ്റ്‌ നിന്നേ’”
എന്‍റെ ട്ര്വസറിനു അടിയിലൂടെ ചുവപ്പും വെളുപ്പും മഞ്ഞയും കലര്‍ന്ന നിറത്തില്‍ അത് താഴോട്ട് ഒലിച്ചിറങ്ങി തുടങ്ങി
ടീച്ചര്‍ ആകെ പേടിച്ചു
അവരുടെ ജീവിതത്തില്‍ ഇങ്ങനെ ഒരനുഭവം ആദ്യത്തേതാണ്.
അവരുടെ വിരലുകള്‍  എന്നെ പിടിക്കുമ്പോഴും കിടുകിടാ വിറക്കുന്നുണ്ടായിരുന്നു.
പിന്നെ അവര്‍ അപ്പുറത്തെ ബില്‍ഡിങ്ങില്‍ ഉള്ള ക്ലാസില്‍ പഠിപ്പിക്കുന്ന അറബി മാഷേ അടുത്തേക്ക് ഒരോട്ടമായിരുന്നു.
ക്ലാസിലെ കുട്ടികള്‍ എനിക്ക് ചുറ്റും കൂടി
“ഇനി അവനെ ആസ്പത്രിയില്‍ കൊണ്ട് പോയി സൂചി അടിക്കും”
സുബൈര്‍ അലവിയോടു പറഞ്ഞു 
“ഹും ആ സൂചിന്റെ വേദന ആലോചിക്കാനേ വയ്യ “
അലവിക്ക് അത് കേട്ടപ്പോ തന്നെ പേടി തോന്നി
“നീ മ്മക്ക് ഇരിക്കുമ്പോ ശ്രദ്ധിച്ചിരിക്കണം”
എല്ലാ ആണ്‍കുട്ടികളും അത് കേട്ടു മൂളി
പെണ്‍കുട്ടികള്‍ ആകട്ടെ അന്തം വിട്ടു നിക്കയായിരുന്നു
കളിക്കുമ്പോ  കുട്ടിമ്മക്ക് എറിഞ്ഞ കോല് പോലെ ടീച്ചര്‍ അങ്ങോട്ട്‌ പോയതിനേക്കാള്‍ സ്പീഡില്‍ തിരിച്ചു വന്നു.
ഒപ്പം അറബിമാഷും
“എവിടെ”
 അറബി മാഷ്‌ തിരക്കി
മാഷ് എന്റെ കാലിലൂടെ ഒലിച്ചിറങ്ങിയ മുട്ടയിലെക്ക് തന്നെ നോക്കി
“എങ്ങനെ പറ്റിയെ”
‘ഞാന്‍ ഇരുന്നപ്പോ’
“വേദന ണ്ടോ”
“സമ്മാനം പോയ വേദന’
പെട്ടന്ന് മാഷ്‌ എന്‍റെ ട്രൌസര്‍ ഊരാനെന്നോണം  കയ്യ് ട്രൌസറിന്റെ ബട്ടന്സില്‍  വെച്ചു
‘അവിടല്ലാ മാഷേ  ഇവിടെ ഈ കീശയിലാ’
ഞാന്‍ കീശയില്‍ നിന്നും മുട്ടത്തോ ല്‍ കയ്യില്‍ എടുത്തു കാണിച്ചു കൊടുത്തു
ആ തോല് കണ്ടപ്പോ എന്റെ സങ്കടം വര്‍ദ്ധിച്ചു
ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി …..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ