5.29.2013

ഈ സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രിയില്‍-2 ഉണര്‍ത്തുപാട്ടുകള്‍

ഈ സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രിയില്‍-2  

ഉണര്‍ത്തുപാട്ടുകള്‍ 

ഒന്നാം ഭാഗം വായിക്കാന്‍ http://chandraprakasham.blogspot.com/2013/05/blog-post_632.html

അലാറം അടിച്ചു കൊണ്ടു  ടൈംപീസാണ്
ആ സ്വപ്നത്തില്‍ നിന്നെന്നെ ഉണര്‍ത്തിയത്

ഒരു പ്രാവശ്യം കൂടെ മഞ്ഞായി പാറി നടക്കാന്‍ മോഹിച്ച്
കണ്ണുകള്‍ കൂട്ടിയടച്ചു വീണ്ടും കിടന്നു

ഒരിക്കല്‍ കൂടി അന്തരീക്ഷത്തിലൂടെ പാറി നടക്കാന്‍
 കുയിലിന്റെ പാട്ട് കേള്‍ക്കാന്‍
മുല്ലപ്പൂമണം നുകരാന്‍, മഞ്ഞ് തുള്ളികള്‍ തട്ടി
തങ്ക പ്രഭ ചൊരിയുന്ന നെല്പാടങ്ങളില്‍
വര്‍ണങ്ങള്‍ വിടരുന്ന പൂന്തോട്ടങ്ങളില്‍
പൂനിലാവേറ്റ് വെള്ളിയരഞാണമായി
ഒഴുകുന്ന കുഞ്ഞരുവികളില്‍
 എല്ലാം ഒരിക്കല്‍ കൂടി എത്താന്‍
മോഹിച്ച് കണ്ണടച്ച് കിടക്കവേ
വാതിലില്‍ ആരോ മുട്ടുന്നു

ഉമ്മയായിരിക്കും
എന്താവും കാരണം

ഭര്‍ത്താവിന്റെ പുതപ്പ് നേരെയാക്കിയ ശേഷം വാതില്‍ തുറന്നു
ഉമ്മയും ഉപ്പയും പുഞ്ചിരിച്ചു നില്‍ക്കയാണ്‌ വാതില്‍ക്കല്‍
രണ്ടു ബള്‍ബ് കത്തി നില്‍ക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്

എന്‍റെ പകച്ചു നില്ക്കല്‍ കണ്ടാവാം ഉമ്മ ചോദിച്ചു 
"മോളു മറന്നോ"
എന്ത്
"ഇന്നവന്റെ ജന്മദിനമല്ലേ 
മുപ്പത്തൊമ്പതാം ജന്മദിനം"

മനസ്സ് ഇപ്പോഴാണ് ഭൂമിയിലേക്ക്‌ എത്തിയത്
ഇന്നലെ എല്ലാം മനസ്സില്‍ ഉറപ്പിച്ചു കിടന്നതായിരുന്നു
നാല് മണിക്ക് മുമ്പേ എണീക്കണം
കുളി കഴിഞ്ഞ് ഈറനോടെ തന്നെ താന്‍ വാങ്ങിയ സമ്മാനം നല്‍കണം
ആ ചുണ്ടുകളില്‍ മന്ത്രിക്കണം ഹാപ്പി ബെര്‍ത്ത്‌ ഡേ
പിന്നെ ..............


ഉമ്മയും ഉപ്പയും മകന്‍റെ ഇരു ഭാഗത്തും നിന്നു.
ഞാന്‍ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കൈ കൊണ്ടു തടുത്തു

ഉപ്പ എന്തൊക്കെയോ മന്ത്രിച്ചോതിയ ശേഷം
അവരുടെ ചുണ്ടുകള്‍  അദ്ധേഹത്തിന്റെ ഓരോ കവിളുകള്‍ പങ്കിട്ടെടുത്തു.
അദ്ദേഹം കണ്ണുകള്‍ പതുക്കെ  തുറന്നു നോക്കവേ
 അവരാ ചെവികളില്‍ മന്ത്രിച്ചു

ഉപ്പാന്റെ പിറന്നാള്‍ ആശംസകള്‍
എന്‍റെ മോന്‍ ലോകത്തിനു നന്മയാവട്ടെ

ഉമ്മാന്‍റെ പിറന്നാള്‍ ആശംസകള്‍
എന്‍റെ മോന്‍ നാടിനും വീടിനും  വെളിച്ചമാവട്ടെ

മുപ്പത്തി ഒമ്പത് വര്‍ഷമായി തുടരുന്ന ഒരാവര്‍ത്തനം
ആ വാക്കുകളോ സമയമോ ഒന്നും മാറ്റമില്ലാതെ തുടരുന്ന സമസ്യ
പതിനഞ്ചു വര്‍ഷമായി ഞാനും കേള്‍ക്കുന്നു

ഒരിക്കല്‍ ഞാന്‍ ചോദിച്ചിട്ടുണ്ട്
എന്താണ് ഈ വാക്കുകള്‍ തന്നെ
 ഓരോ വര്‍ഷവും ആവര്‍ത്തിക്കാന്‍ കാരണം

"ഞങ്ങള്‍  അവനെ പണക്കാരനാക്കാന്‍
പ്രാര്‍ഥിച്ചാല്‍ ഒരു പക്ഷെ അവന്‍ പണക്കാരനാകുമായിരിക്കും
പക്ഷെ മനസ്സില്‍  നന്മയില്ലാത്തവന്റെ അടുത്തുള്ള
പണം ഉപദ്രവങ്ങള്‍ മാത്രമാണ് നല്‍കുക.
മാത്രമല്ല പണവും അധികാരവും ആ മനുഷ്യനെ അഹങ്കാരിയാക്കും
ഒരാളുടെ അടുക്കലുള്ള പണത്തെക്കാളും അധികാരത്തിന്റെ ശക്തിയെക്കാളും
 അയാളുടെ  മനസ്സില്‍ നന്മ ഉണ്ടെകില്‍ ആ പണവും
അധികാരവും അയാള്‍ക്ക്‌ അലങ്കാരമാവും"

"അറിവാണ് വെളിച്ചം
 പല വിഞാനികളും സ്വന്തം അറിവ് ലോകത്തിനു നല്‍കാന്‍ ശ്രമിക്കാറുണ്ട്
പക്ഷെ സ്വന്തം വീട്ടുകാര്‍ക്ക് വേണ്ടി അവര്‍ സമയം കണ്ടെത്താറില്ല"


"തത്ഫലമായി ലോകത്തില്‍ പല നല്ല മാറ്റങ്ങള്‍ക്കും
 അവര്‍ കാരണക്കാരാമ്പോള്‍
സ്വന്തം വീട്ടിലെ മക്കളുടെയും ഭാര്യയുടെയും പെരുമാറ്റദൂഷ്യങ്ങള്‍ക്കും
  അവര്‍ കാരണക്കാരാവുന്നു
അവസാനം ആ നാറ്റങ്ങള്‍ക്കിടയില്‍ കിടന്നു
അവര്‍ മരിക്കേണ്ടി വരുന്നു"



"ഒരാളുടെ വീട്ടില്‍ കുറെ വിളക്കുകള്‍ ഉണ്ട്
ഒരു ദിവസം അയാള്‍ അങ്ങാടിയില്‍ പോയി
അവിടെ രാത്രിയായപ്പോള്‍ ഒറ്റ വിളക്കും ഇല്ല

എന്‍റെ വീട്ടില്‍ കുറെ വിളക്കുകള്‍ ഉണ്ട്
ഞാനതില്‍ ഒന്ന് നിങ്ങള്ക്ക് തരാം

സാര്‍ എനിക്ക് കൂടി ഒരു വിളക്ക് കിട്ടിയാല്‍ ഇരുട്ടകറ്റാമായിരുന്നു
ഒരു ചെറിയ വിളക്ക് എനിക്ക് കൂടേ
ആളുകള്‍ അയാള്‍ക്ക്‌ ചുറ്റും കൂടി
ഓരോരുത്തരും അയാളോടൊപ്പം വീട്ടിലേക്കു വന്നു

ആ നാളിന്നു ശേഷം ആ വീട്ടില്‍ ഇരുട്ട് നിറഞ്ഞു
കാരണം എല്ലാ  വിളക്കുകളും  അയാള്‍ ദാനം ചെയ്തു കഴിഞ്ഞിരുന്നു

സ്വന്തം വീട്ടില്‍ വിളക്ക് കൊളുത്തിയ ശേഷമാണ്
നാം ലോകത്തിന്റെ ഇരുട്ട് അകറ്റേണ്ടാത്"

ഈ ഉമ്മ അഥവാ എന്‍റെ അമ്മായിഅമ്മ അങ്ങനെ ആണ്
ഒരു കാര്യം കിട്ടിയാല്‍ അതിനെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കും
ഒരു കഥ ഒരു ചരിത്രം ഒരു സിദ്ധാന്തം ഒരു ഉദാഹരണം
വിമാനത്തില്‍ കേറിയ മാതിര്യാ  വഴീല്‍ എറങ്ങാനും പറ്റൂല

പക്ഷെ എന്‍റെ സങ്കടം അതൊന്നുമല്ല
ഇക്കുറിയെങ്കിലും ഇക്കാനെ വിളിച്ചുണര്ത്തുന്നത് ഞാനാവണം
എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു
അതിനായിരുന്നു അലാറവും വെച്ച് കാത്തിരുന്നത്
പക്ഷെ ഇക്കുറിയും അവര്‍ എന്നെ തോല്‍പ്പിച്ച് കളഞ്ഞു

ജനല്‍ പാളികള്‍ തുറന്നപ്പോള്‍ തണുത്ത കാറ്റ് അകത്തേക്ക് കയറിവന്നു
ചന്ദ്രന്‍ അസ്തമിക്കാറായിരിക്കുന്നു
പള്ളിയില്‍ നിന്നും മോയിന്‍ക്കാക്കന്റെ ശബ്ദം
ഒരു സംഗീതമായി കാറ്റിനൊപ്പം കയറി വന്നു

അസ്സ്വലാത്തു ഹൈറും മിനന്നവൂം
നമസ്കാരം ഉറക്കിനെക്കാള്‍ ഗുണമെറിയതാണ്

ഇപ്പോള്‍ ബാങ്ക് വിളി കഴിഞ്ഞു പത്തു മിനിട്ടിനു ശേഷമാണ്
 അമ്പലത്തില്‍ നിന്നുള്ള പാട്ട് വരുന്നത്

സത്യത്തില്‍ ഈ സ്വരങ്ങളാണോ
ഈ വായുവിനെ ഇത്ര ശുദ്ധമാക്കുന്നത്

ഈ മനസ്സുകള്‍ ഇത്ര കുളിര്‍മയുള്ളതാക്കുന്നത്
ഈ ഗ്രാമത്തിനു ഇത്ര  ഭംഗി നല്‍കുന്നത്

ഒരു ദിവസംമോയിന്ക്കാക്ക കാലു വേദന കാരണം
വരാതിരുന്നപ്പോള്‍ ആണ്
അങ്ങേ വീട്ടിലെ മാത ചോദിച്ചത്

"ഇന്ന് മ്മളെ മോയിന്‍ മാപ്ലക്ക് എന്തെ പറ്റിയത്
രാവിലെ മൂപ്പരെ  ആ ബാങ്ക് വിളി ങ്ങനെ കേട്ട്
കേട്ട്  കടന്നു ണീക്കണ ഒരു രസം അത് ന്നു കിട്ടീല"

മോയിന്ക്കാന്റെ ബാങ്ക്   ഗ്രാമത്തിന്റെ ഉണര്‍ത്ത് പാട്ടാണ്
****************************************************************

തുടരും



























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ