
കെട്ടും കെട്ടി വരുന്നുണ്ടേ
കൊട്ടക്കാരന്‍ കുഞ്ഞവറാന്‍
പല വിധ കൊട്ടകള്‍ ഒരു കെട്ടില്‍
പുടിയരി കൊട്ട പൊടിയരി കൊട്ട
ചെറിയുള്ളിക്കും ചെറുകൊട്ട
വെള്ളരി കുമ്പള പാവക്കക്കും
വള്ളി മെടഞ്ഞൊരു കൊട്ട
വിളഞ്ഞു കിടക്കും തേങ്ങക്കോ
കയറു വരിഞ്ഞൊരു കൊട്ട
വല്യമ്മക്കു പുകലയിടാന്‍
ഓല മെടഞ്ഞൊരു കൊട്ട
കയറില്‍ കെട്ടി കിണറ്റിലിടാന്‍
ടയറാല്‍ തുന്നിയ കൊട്ട
കുരുമുളകിന്നു മണിപ്പയറിന്നും
ചെറുമുള ചീകി മിനുക്കിയ കൊട്ട
കൊട്ടയേതുമുണ്ടായിട്ടെന്താ കുട്ട്യേ
നാട്ടാര്‍ക്ക് ഇപ്പം കൊട്ട വേണ്ട
നോട്ടിന്‍റെ കെട്ടുകള്‍ പെട്ടിയില്‍ പൂട്ടി
ലൊട്ടിനു കിട്ടാനവര്‍ നൊട്ടി നടക്കും
അടുപ്പില്‍ വേവാനരി വേണം കെട്ട്യോള്ക്ക്
ഉടുപ്പില്‍ മുട്ടായി കാണണം കുട്ട്യാള്ക്ക്
ഈ പടപ്പിന് നടപ്പിനിനിയും വയ്യന്‍റെ കുട്ട്യേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ