ധീരരാം ഉമറുല്‍ ഹതാബ്
ദീനിന്‍ വെളിച്ചമായവര്‍
സ്നേഹസമാധാന സന്ദേശം
സ്പെയിനിനും റോമിനും നല്‍കിയോര്‍
ഗാന്ധിജി പോലും വാഴ്ത്തിയ
ഭരണത്താല്‍ കീര്‍ത്തി കേട്ടവര്‍ ഒരു നാള്‍
നാട്ടിന്‍ വിശേഷങ്ങള്‍ അറിയാന്
പല പല വേഷത്തില്‍ നടന്നവര്‍
രാവസ്തമിക്കാന്‍ ആവുന്നു
ഗ്രാമത്തില്‍ പുറത്ത് എത്തുമ്പോള്‍ ഒരു
കൊച്ചു വീടിന്‍ മുറ്റത്ത്നിന്ന്
ഉച്ചത്തില്‍ ഒരുമ്മ പറയുന്നു
അളവിന്നു പോലും തികയില്ല പാല്
അഷ്ടിക്ക് വേറെ വഴിയില്ല
ഇത്തിരി വെള്ളം ചേര്‍ത്താലും
ഖത്താബിന്‍ സൈന്യം അറിയില്ല
പയ്യിനരികത്ത് കൈവിളക്കേന്തിയ
പെണ്‍കിടാവത് കേട്ടിട്ടോതുന്നു
ഉമറുല്‍ ഹത്താബോര് കാണില്ല പക്ഷെ
ഉലകത്തിന്‍ നാഥന്‍ അറിയില്ലേ
ആലം പടച്ച റഹ്മാന്
ഭൂലോകം പോറ്റുന്നതവനല്ലേ
ഇത്തിരി വെള്ളം ചേര്‍ത്താലും
മൊത്തത്തില്‍ മായം കലരില്ലേ
വിശ്വാസ വഞ്ചന ചെയ്താല്
വിശ്വത്തിന്‍ നാഥന്‍ പൊറുക്കില്ലാ
പെണ്ണിന്‍ വാക്കുകള്‍ കേട്ടാരെ അമീറിന്‍
കണ്ണുകള്‍ രണ്ടും നിറയുന്നു
സര്‍വ്വനിയന്താവിനെ സ്തുതിച്ചുകൊണ്ടവര്‍
സത്വരം വീട്ടിലേക്ക് അണയുന്നു
ആരംഭ മോനോടോതുന്നു കഥകള്‍ പിന്നെ
മനസ്സിലെ ആഗ്രഹം ചൊല്ലുന്നു
തഖ്‌വയില്‍ നിന്നും അണുവോളം
മാറിനടക്കാത്ത പെണ്ണോളം
മാറ്റുള്ളതായിട്ട് എന്തുണ്ട്
മായാപ്രപഞ്ചമീ ദുനിയാവില്‍
ഭുവനത്തില്‍ സൗഭാഗ്യമേറാനായി
ഭവനത്തിലേക്കവളെ ആനയിക്കൂ
ലോഹവും ചൂടേറ്റ് ഉരുകീടാം പക്ഷെ
ഇഹ്-ലാസിന്‍ ചിത്തം പതറില്ല
അമൂല്യമായുള്ള സ്ത്രീധനമല്ലോ
കറയൊന്നും പുരളാത്ത മാനസം
നോട്ടിന്നും പൊന്നിന്നും പെണ്ണുകെട്ടും
കൂട്ടുകാര്‍ നിങ്ങള്‍ ഒന്ന്‍ ഓര്‍ത്തിടണേ
കൂട്ടുകാര്‍ നിങ്ങള്‍ ഒന്ന്‍ ഓര്‍ത്തിടണേ
ദീനില്ലാ പെണ്ണിനെ മൂടും പൊന്ന്‍
നാളെ മണ്ണിലേക്ക് ഉപകാരം ചെയ്യുകില്ല
നാളെ മണ്ണിലേക്ക് ഉപകാരം ചെയ്യുകില്ല
അനാചാരത്തിന്‍ കളയേറും പാടത്ത്
ഈമാനിന്‍ വിത്തുകള്‍ വിളയുകില്ല
മനസ്സിന്‍ വയലുകളുഴുതു നിങ്ങള്‍
മാലിന്യമെല്ലാം മൂടീടുവിന്‍
മാലോകര്‍ക്കെല്ലാം മാതൃകയായി
ഇരുലോക വിജയങ്ങള്‍ നേടിടുവിന്‍
------------------------------
------------------------------
ഉമറുല്‍ ഖതാബ് രഥിയള്ളാഹു - നബിക്ക് ശേഷം രണ്ടാം ഖലീഫ ആയ സഹാബി
തഖ്-വാ -ദൈവഭയം. റഹ്മാന്‍- കാരുണ്യവാന്‍
ആലം ലോകം. ഇഹ്-ലാസ് – കളങ്കമില്ലാത്ത വിശ്വാസം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ